ഈ ഗൾഫ് ജിവിതം മടുത്തു. വെറുതെ ഇവിടെനിന്നു ജിവിതം കളയാമെന്നല്ലാതെ എന്തുപ്രയോജനം?

arabian-sea.com

ഇങ്ങനെ പഴിപറയുമ്പോഴും അവരാരും മടങ്ങിപ്പോകുന്നില്ല . പോയാൽത്തന്നെ കുറച്ചിടകഴിഞ്ഞു തിരിച്ചു വരികയും ചെയ്യുന്നു . എന്തായിരിക്കാം ഇതിനു കാരണം ?

ദുബായ് വാർത്തയുടെ “സ്നേഹപൂർവ്വം ദുബായ് ” എന്ന പരിപാടിയിലേക്ക് എല്ലാവർക്കും സ്വാഗതം .

“ഈ ഗൾഫിൽ എന്താണ് വിശേഷിച്ചുള്ളത് ?
എവിടെ നോക്കിയാലും കെട്ടിടങ്ങളും കാറുകളും കുറേ സൂപ്പർമാർക്കറ്റുകളും മാളുകളും റെസ്റ്റോറന്റുകളും ക്ലിനിക്കുകളും അല്ലാതെ എന്താണ് ഇവിടുള്ളത് ? എന്തൊരു മടുപ്പാണിവിടെ ? നാട്ടിൽ തിരിച്ചുപോയാൽ ബാക്കിയുള്ള ജിവിതമെങ്കിലും കിട്ടും “

പലപ്പോഴായി പലരിൽനിന്നും നാം കേൾക്കാറുള്ള , കേട്ടുകൊണ്ടിരിക്കുന്ന ഒരു പരിതപിക്കലാണിത് .
വിസ ക്യാൻസൽ ചെയ്ത് , ഉള്ളതെല്ലാം കെട്ടിപ്പെറുക്കി അടുത്ത ദിവസത്തേക്ക് ഒരു എയർ ടിക്കറ്റും ബുക്കുചെയ്താൽ തീരാവുന്ന ഒരു പ്രശ്നമേയുള്ളു ഇത് .
ഇങ്ങന പോകുന്നവരെ ആരും തടയില്ല .
പിന്നാലെ പോയി കരഞ്ഞു ആരും പിടിച്ചു നിർത്തില്ല .
എന്നിട്ടുംഈ പാരാതിക്കാർ ക്കൊക്കെയും തിരിച്ചുപോകാൻ എന്താണ് തടസ്സം ?

പോവില്ല , അത്ര തന്നെ !

ഈ ഗൾഫ് ജീവിതത്തെ ഇങ്ങനെ പഴിപറഞ്ഞു വിലപിക്കുന്നവരിൽ ഏറെയും നാട്ടിൽ ജീവിക്കാൻ പലവഴികളും നോക്കി പരാജയപ്പെട്ടവരാകും .
കടക്കെണിയിലും കൊടിയ തകർച്ചയിലും മുങ്ങിത്താണ് ഒരു പക്ഷേ ആത്മഹത്യയുടെ മുനമ്പിൽ വരെ എത്തിപ്പെട്ടവരാകും .
അവിടെനിന്ന് ഒരു മറുജന്മത്തിനു വഴിതേടിയാണ് ഇത്തരക്കാരിൽ പലരും ഒരു വിസ സംഘടിപ്പിച്ചു അറബിക്കടൽ താണ്ടിയിട്ടുണ്ടാവുക .

ഇതേ ജീവിതസാഹചര്യങ്ങളുമായെത്തിയ ലക്ഷക്കണക്കിന് ആളുകൾക്ക് അഭയമേകിയ ഗൾഫ് നാട് ഇവരെയും ഉൾക്കൊള്ളുകയായി .
എന്നു വെച്ചാൽ ജോലി നൽകി , ആഹാരം നൽകി , കിടക്കനൽകി , നല്ല വസ്ത്രങ്ങൾ നൽകി , നാട്ടിലേക്ക് അയക്കാൻ പണം നൽകി , സർവ്വോപരി കെട്ടുറപ്പുള്ള ജിവിതം നൽകി അങ്ങേയറ്റം കനിവു കാട്ടുന്നു .

ഇതു കേട്ടു അസഹിഷ്ണുതരാകുന്നവർ ഇങ്ങനെ ചോദിച്ചേക്കാം :
“ഇതൊന്നും കിട്ടിയത് വെറുതെയല്ലല്ലോ . ഞങ്ങൾ ആവുന്നത്ര അദ്ധ്വാനിച്ചിട്ടല്ലേ ?എന്ന് .
അത് നൂറുശതമാനും ശരിയാണ് . അദ്ധ്വാനിക്കാതെ ആർക്കും ഒന്നും കിട്ടില്ല .
പക്ഷേ അപ്പോഴും ഒരു ചോദ്യം ബാക്കിനിൽക്കുന്നുണ്ട് :
ആവുന്നത്ര നാട്ടിൽ അദ്ധ്വാനിച്ചിട്ടും എന്തുകൊണ്ട് നിങ്ങൾക്ക് ഗൾഫിൽ കിട്ടിയതുപോലൊരു ജിവിതം കിട്ടിയില്ല ?
സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടില്ല ?

‘നാട്ടിൽ സാഹചര്യം വേറെയാണെല്ലോ ‘എന്നാണ് നിങ്ങളുടെ എതിർവാദമെങ്കിൽഒരു ഒന്നു ചോദിച്ചോട്ടെ :
“നാട്ടിലെ സാഹചര്യത്തിൽ എത്രയോപേർ നാനായിജീവിക്കുന്നു .കടബാധ്യതയില്ലാതെയും അത്യാവശ്യത്തിനു സമ്പാദിച്ചും നല്ലവീടുവെച്ചും കാറുവാങ്ങിയുമൊക്കെ സംതൃപ്തരായിക്കഴിയുന്നു . അവരെപ്പോലെയാകാൻ നിങ്ങൾക്ക് എന്തുകൊണ്ട് കഴിഞ്ഞില്ല ?

അപ്പോഴും ഇക്കൂട്ടർക്ക് ഇതുപോലൊരു എതിർ ചോദ്യമുണ്ടാകും
” മറ്റുള്ളവരുടെ ജീവിതസാഹചര്യവുമായി എന്നെ താരതമ്യം ചെയ്യുന്നതെന്തിനാണ് ? എന്റെ സാഹചര്യം വേറെയായിരുന്നു .എത്രയൊക്കെ നോക്കിയിട്ടും കടം കയറിയതല്ലാതെ രക്ഷപ്പെടാനുള്ള ഒരു സാഹചര്യവും എനിക്കില്ലായിരുന്നു .”
ഇവിടെയാണ് ഏറ്റവും കാതലായൊരു ചോദ്യം ഉയരുന്നത് :
നാട്ടിൽ മറ്റുള്ളവർ രക്ഷപെട്ട സാഹചര്യം നിങ്ങൾക്കൊക്കെ എങ്ങനെയാണ് വിലങ്ങായത് ? ഗൾഫിൽവന്നപ്പോൾ മാത്രം സാഹചര്യം എങ്ങനെയാണ് അനുകൂലമായത് ?
രണ്ടിടത്തും രണ്ടുതരത്തിൽ എടുത്തണിയുന്ന മാനസികാവസ്ഥയാണ് ഇതിനൊക്കെ കാരണം .
ഇത്തിരിപഠിപ്പുണ്ടായാൽ നാട്ടിൽ സർക്കാർ ജോലിക്കു കാത്തിരിക്കും . അതല്ലെങ്കിൽ ഒരു വൈറ്റ് കോളർ ജോബ് കിട്ടണം .
നാട്ടിൽ പലവിധ ബ്ലൂ കോളർ ജോബും ഉണ്ട് . പക്ഷേ ഭൂരിപക്ഷത്തിനും ചെയ്യാൻ മടിയാണ് .

ഞാന്‍ ഈ പണിചെയ്താൽ എന്റെ നാട്ടുകാർ എന്തുവിചാരിക്കും ?
എന്റെ കൂട്ടുകാർ എന്തു വിചാരിക്കും ?
എന്റെ ബന്ധുക്കൾ , അല്ലെങ്കിൽ എന്റെ ഭാര്യവീട്ടുകാർ എന്തുവിചാരിക്കും ?

അതുകൊണ്ട് എന്തുവന്നാലും പട്ടിണി കിടന്നാൽ പോലും എന്റെ അഭിമാനം പോകുന്ന ഒരു പണിക്കും ഞാൻ പോകില്ല .
അതാണ് നാട്ടിലെ ഒരു ലൈൻ .

പക്ഷേ ഇക്കൂട്ടർ ഗതി മുട്ടി ഗൾഫ് നാടുകളിൽ വരുന്നതോടെ ദുരഭിമാനത്തിന്റെ ഓവർ ക്കോട്ടങ്ങൂരി വെക്കും . വിസിറ്റുവിസയുടെ കാലാവധിതീരും മുമ്പ് ആഗ്രഹിച്ചപണി കിട്ടില്ലെന്നുകണ്ടാൽ എന്തുപണിയും സ്വീകരിക്കും .
ഓഫീസ് ബോയിയുടെ പണിമുതൽ റെസ്റ്റോറന്റിൽ മേശതുടയ്ക്കലും പാത്രം കഴുകലും ഒക്കെ ചെയ്യും . വെയര്‍ ഹൗസിൽ ചരക്ക് തലയിൽ ചുമന്നു കയറ്റുകയും ഇറക്കുകയും ചെയ്യും .ഫിഷ്മാർക്കെറ്റിൽ മീൻ വെട്ടും .ക്‌ളീനിംഗ് കമ്പനിയിൽചേർന്നു തറ അടിച്ചുവാരും , ടോയ്‌ലെറ്റ് കഴുകും .
നാട്ടിൽ ബംഗാളികൾ ചെയ്തുകൊണ്ടിരിക്കുന്നതിനേക്കാൾ താണ പണിവരെചെയ്യും ഒരു മടിയും കൂടാതെ .
കാരണം ഇതൊന്നും കാണാൻ അടുത്ത് അയൽക്കാരില്ല , കൂടെപ്പഠിച്ചവരില്ല . അങ്ങനെ അറിയുന്നവരാരുമില്ല .
ഉണ്ടെങ്കിൽത്തന്നെ അവരിൽ ചിലരൊക്കെയും ചെയ്യുന്നത് ഇതൊക്കെത്തന്നെയാവും .
അതോടെ അപകർഷതാബോധം മാറുന്നു . ഉള്ളിൽ ഒരു തൊഴിൽ സംസ്കാരം രൂപപ്പെടുന്നു .ശമ്പളം എത്ര ചെറുതായാലും തന്റെയും വീട്ടിലെയും കാര്യങ്ങൾ അന്തസ്സായി നടന്നുപോകുന്നു . പോകെപ്പോകെ അൽപ്പാല് പ്പം സമ്പാദിക്കാനാവുന്നു .ശൂന്യമായിരുന്ന ജീവിതത്തിൽ എന്തൊക്കെയോ സന്തോഷങ്ങൾ നിറയുന്നു .

നഷ്ടപ്പെട്ടു എന്നു കരുതിയ ഒരുപാട് മലയാളിജീവിതങ്ങൾ ഗൾഫ് നാടുകളിൽ ഇങ്ങനെ പച്ചപിടിച്ചിട്ടുണ്ട് .
ഒരുപാട് എന്നുപറഞ്ഞാൽ അത് ലക്ഷോപലക്ഷമാണ് .
ഇനിയാണ് നമ്മൾ വിഷയത്തിലേക്കു കടക്കാൻ പോകുന്നത് .
ഈ ലക്ഷോപലക്ഷത്തിൽ പതിനഞ്ചോ ഇരുപതോ ശതമാനം ആളുകൾ സാമ്പത്തികമായി മേൽക്കൈ നേടിയിട്ടുണ്ടാകും . ഈ വിഭാഗത്തിൽ നിന്നാണ് നമ്മൾ തുടക്കത്തിൽ പറഞ്ഞ കഥാപാത്രങ്ങൾ വരുന്നത് .

പണം കൂടുമ്പോൾ , ജീവിതസൗകര്യങ്ങൾ അളവറ്റു വർധിക്കുമ്പോൾ വന്നവഴി ഇവർ മനപ്പൂർവം മറക്കാൻ ശ്രമിക്കും .
എത്ര ദയനീയമായ അവസ്ഥയിലാണ് നാട്ടിൽ കഴിഞ്ഞുകൂടിയതെന്നും എങ്ങനെയെല്ലാമോ ആണ് ഗൾഫിൽ എത്തി രക്ഷപെട്ടതെന്നും ഇവർക്കു പിന്നെ ഓർമ്മയെ ഉണ്ടാവില്ല . എല്ലാം തന്റെ മാത്രം സാമർഥ്യവും അദ്ധ്വാനവും കൊണ്ട് ഉണ്ടായതാണെന്നു പലതവണ പറഞ്ഞു സ്വയം വിശ്വസിപ്പിക്കും .
ആഡംബരക്കാറും കോട്ടും മുറി ഇംഗ്ളീഷുമായി ദുബായ് പോലൊരു മാഹാ നഗരത്തിൽ ജീവിക്കുമ്പോൾ താൻ എന്തൊക്കെയോ ആണെന്ന ഭാവവും എടുത്തണിയും . അതോടെ താഴ്ന്ന വരുമാനക്കാരായ മലയാളികളൊക്കെ ഇവർക്കു ബ്ലഡി മല്ലൂസാണ് .

പുച്ഛമാകും സ്ഥായീ ഭാവം .
സൂപ്പർ മാർക്കെറ്റ് എന്നാൽ ഗ്ലോറിഫൈഡ് ഗ്രോസറി . മാളുകളൊക്കെയും വെളിച്ചമുള്ള ഗുഹകൾ . കെട്ടിടങ്ങളൊക്കെ കോൺക്രീറ്റ് കാടുകൾ . സോഷ്യൽ ലൈഫില്ല , ഒരു മണാങ്കട്ടയുമില്ല . വർഷമെത്രയായി ഈ മടുപ്പു തുടങ്ങീട്ട് ? ഹോ ! മതിയായി .
മടങ്ങിപ്പോവാണ് .
ഇതാവും സ്ഥിരം പല്ലവി .

പക്ഷേ ഇങ്ങനെ പറയുകയല്ലാതെ ഇവരാരും പോകില്ല .
പഴിപറയുമ്പവരിൽ മഹാഭൂരിപക്ഷവും ഇവിടെ തുടരുകയാണ് .
പോകുന്നവരാകട്ടെ മടങ്ങിവരികയും ചെയ്യുന്നു .
എന്താവാം കാരണം ?
പത്തിരുപതു കൊല്ലം ഗൾഫിൽ ജീവിച്ചവർക്ക് നാട്ടിലെ ജിവിതം തികച്ചും വിഭിന്നവും വിചിത്രവുമായ അനുഭവങ്ങളുടേതാകും എന്നതാകും പ്രധാന കാരണം .
സാമൂഹികമായും വ്യക്തിപരമായും ഗൾഫിൽ അനുഭവിച്ച ഒരു സ്വാതന്ത്ര്യവും അവിടെ ലഭിക്കില്ല .
നമ്മൾ എന്തുചെയ്താലും അതു നിരീക്ഷിക്കാൻ ആരൊക്കെയോ പതുങ്ങി നിൽപ്പുണ്ടെന്നു തോന്നും . ആ രീതിയിലാകും പലരുടെയും ഇടപെടൽ .
ഉണ്ടെന്നുകരുതിയ പത്രാസൊക്കെ അവിടെ എടുക്കാച്ചരക്കാകും .
തന്റെ പണത്തിന്റെ പങ്ക് അവിടാർക്കും കിട്ടുന്നില്ലെന്ന് കണ്ടാൽ ഒറ്റപ്പെട്ട അവസ്ഥയിലുമാകും .
എന്തെങ്കിലും സംരംഭം തുടങ്ങാമെഞ്ഞു കരുതിയിറങ്ങിയപ്പോഴെല്ലാം ഉദ്യോഗസ്ഥരിൽനിന്നുള്ള തിരിച്ചടികളും മറ്റൂരാക്കുടുക്കുകളും .
അതോടെ ഗൾഫ് മടുത്തു എന്നുപറഞ്ഞിറങ്ങിയ ആൾ അതിവേഗം നാടുമടുത്ത് പെട്ടിയിൽ പൂട്ടിവെച്ച പാസ്പോർട്ട് തിരിച്ചെടുക്കുകയായി , പുറപ്പെടുകയായി .
ദുബായ് എയർ പോർട്ടിലിറങ്ങി ഫ്ലൈ ഓവറും കടന്ന് നഗരത്തിലൂടെ നീങ്ങുമ്പോൾ വീണ്ടും അറിയുന്നു ഇത് വെറും കോൺക്രീറ്റ് കാടല്ല സമാധാന ജീവിതത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും നിലയങ്ങളാണ് . അഭയ കേന്ദ്രങ്ങളാണ് .

Leave a Reply

Your email address will not be published. Required fields are marked *