കേരളത്തിൽ വീടുകൾ അടയുന്നു ; ദുബായിൽ തുറക്കുന്നു!!

arabian-sea.com

ഗൾഫ് കുടിയേറ്റത്തിന്റെ അരനൂറ്റാണ്ട് കഴിഞ്ഞിട്ടും വലിയ വീടുകൾ പണിതു കൂട്ടക എന്നത് നിലക്കാത്ത പ്രതിഭാസമായി ഇന്നും കാണാം

അതെ സമയം 12 ലക്ഷം വീടുകളാണ് കേരളത്തിൽ അടഞ്ഞു കിടക്കുന്നതെന്നും അറിയുക .
അതില്‍ ഏറിയ പങ്കും ഗൾഫ് മലയാളികളുടേതാണ് .

കൂടുതൽ വീടുകൾ ഇനിയും അടക്കപ്പെടുകയോ ,
വിറ്റൊഴിക്കപ്പെടുകയോ ഉണ്ടാകാവുന്ന
ഒരു ഘട്ടത്തിലേക്ക് പ്രവാസ ജിവിതം മാറുകയാണ് .

നാട്ടിൽ വീടുകൾ അടയുമ്പോൾ മലയാളികളുടെ സ്വന്തം വീടുകൾ UA E യില്‍ തുറക്കുന്നു .
ഈ മാറ്റത്തിന്റെ കാരണങ്ങളിലേക്ക് , അതിന്റെ വിശദശാംശങ്ങളിലേക്ക് ദുബായ് വാർത്ത നിങ്ങളെ ക്ഷണിക്കുന്നു .

വീടു വിട്ടാൽ മറ്റൊരു വീട്‌
അതാണ് സംവത്സരങ്ങളായി മലയാളികൾക്ക് ഗൾഫ് .

കേരളത്തിന്റെ പതിനഞ്ചാമത് ജില്ല ,
അല്ലെങ്കിൽ ഏഴാമത്തെ കോർപറേഷൻ എന്ന മട്ടിൽ അത്രക്കും ജീവിതത്തോട് ഗൾഫ് നാടുകൾ ചേർന്നു നിൽപ്പാണ് .

മൂന്ന് … നാല് …അഞ്ച് …
മണിക്കൂറിനുള്ളിൽ പറന്നെത്താവുന്നത്ര ദൂരമേയുള്ളൂ എന്നതും

പട്ടിണിയിൽനിന്നു നിത്യമോചനം നൽകിയതിന്റെ കനിവും
കൈനിറയെ തന്നതിന്റെ കടപ്പാടും
തലമുറകളെ പോറ്റിയിട്ടും പിന്നെയും കാട്ടുന്ന കനിവും ഒക്കെ ഈ ആത്മബന്ധത്തിനു കാരണമായിട്ടുണ്ട് .

ജോലിതേടി ഗൾഫിലെത്തി വേരുപിടിച്ചുകഴിഞ്ഞാൽഒരു ശരാശരി മലയാളിയുടെ ആദ്യത്തെ വലിയ സ്വപ്നം പിറന്ന നാട്ടിൽ ഒരു വീടുവയ്ക്കുക എന്നതാവും .

സ്വന്തമായി പണിതുയർത്തുന്ന വീട്‌ നാലാളുടെ മുമ്പിൽ അഭിമാനത്തിന്റെയും അധ്വാനത്തിന്റെയും അതിലുപരി പുറപ്പെട്ടു പോയതിന്റെയും വിജയമാണ് .

ഗൾഫ് പ്രവാസത്തിന്റെ അര നൂറ്റാണ്ടു കഴിഞ്ഞിട്ടും വീട്‌ നിർമ്മിതി ഇന്നും ഒരു പ്രതിഭാസമായി തുടരുന്നത് മറ്റൊന്നും കൊണ്ടല്ല .

ഒരു വീടുവച്ചവരിൽ ചിലർ കുറച്ചുകഴിഞ്ഞ് അതിനേക്കാൾ വലിയ വീടുവയ്ക്കുന്നു .
പിന്നീട് അതും പോരെന്നുതോന്നി ആധുനിക കാലത്തിനു ചേർന്നത് എന്നപേരിൽ വീണ്ടും വയ്ക്കുന്നു .

ഇങ്ങനെ ഗൾഫ് മലയാളികളിലെ അപ്പർക്ലാസും അപ്പർ മിഡിൽ ക്ലാസും സംസ്ഥാനത്ത് പണിതുകൂട്ടിയ വീട്‌ ലക്ഷക്കണക്കിനാണ് .

ഏറ്റവും പുതിയ കണക്കുപ്രകാരം കേരളത്തിൽ അടഞ്ഞുകിടക്കുന്ന വീടുകൾ 12 ലക്ഷത്തോളമാണ് .

അടുത്തിടെ , ആൾപ്പാർപ്പില്ലാത്ത അടഞ്ഞു കിടക്കുന്ന വീടുകൾക്കും പുതുതായി ഏർപ്പെടുത്തിയ നികുതി നൽകണമെന്ന സര്‍ക്കാർ ഉത്തരവ് വിവാദമായപ്പോഴാണ് ഈ കണക്ക് കൃത്യമായി പുറത്തുവന്നത് .

ഉത്തരവ് പിൻവലിച്ചെങ്കിലും ആൾതാമസമില്ലാതെ പൂട്ടിയിടപ്പെടുന്ന ഭവനങ്ങളുടെ എണ്ണം കൂടുകയാണ് .

കാരണം ഗൾഫ് നാടുകളിൽ ജനിച്ചുവളർന്നതോ അല്ലെങ്കിൽ ചെറുപ്രായം മുതല്‍ അവിടെ സ്ഥിരവാസം നടത്തുന്നതോ ആയ പുതു തലമുറക്ക് നാട്ടിലെ താമസം പിടിക്കാതായിട്ടുണ്ട് .

അതിന്റെ കാരണങ്ങൾ സാമൂഹികമായി മറ്റൊരു വിഷയമായതിനാൽ ഇവിടെ വിവരിക്കുഞ്ഞില്ല .

അധികം വിദ്യാഭ്യാസം നേടാനാവാതെ ഗൾഫിൽ എത്തിയ പഴയ തലമുറകളെ പോലെയല്ല ഉന്നത വിദ്യാഭ്യാസം നേടിയ പുതു തലമുറ ചിന്തിക്കുന്നത് .

തലമുറ മാറ്റത്തിന്റെ സംഘർഷങ്ങൾക്കൊടുവിൽ അവരുടെ രക്ഷിതാക്കളും ഇപ്പോൾ അത് ഉൾക്കൊണ്ടിരിക്കുന്നു .

കുട്ടികളുടെ താല്പര്യങ്ങൾക്കൊത്തും അവരുടെ ജീവിത വീക്ഷണങ്ങൾക്കൊത്തും രക്ഷിതാക്കൾ നീങ്ങിയതോടെ പുതിയൊരു മാറ്റത്തിന് തുടക്കമായിട്ടുണ്ട് .

തങ്ങൾ ഇഴുകിച്ചേർന്ന
ഗൾഫ് നാടുകളിൽ ജിവിതം ഉറപ്പിക്കുന്നതിന് അവിടങ്ങളിൽ സ്വന്തമായി വില്ലയോ ഫ്ലാറ്റോ വാങ്ങുക .

ഈ പ്രവണത U A E യിലാണ്
കൂടുതലായും കാണാനാവുന്നത്.
പ്രത്യേകിച്ച് ദുബായ് , ഷാർജ , അജ്‌മാൻ എന്നിവിടങ്ങളിൽ .

സാമൂഹിക സുരക്ഷിതത്വം ,
വ്യക്തി സ്വാതന്ത്ര്യം , സഞ്ചാരം അനായാസമാക്കുന്ന റോഡ് സംവിധാനം . ചിലവുകുറഞ്ഞതും ലോക വിലവാരത്തിലുമുള്ളതായ പബ്ലിക് ട്രാൻസ്‌പോർട്ടേഷൻ ലഭ്യത , ലോകത്തെവിടേക്കും സഞ്ചരിക്കാനുള്ള ഈസിനെസ്സ് , വിദേശ യൂണിവേഴ്സിറ്റികൾ , ഏതുതരം ഭക്ഷണവും കിട്ടുന്ന റസ്റ്റോറന്റുകൾ , വൃത്തിയുള്ള ബീച്ചുകൾ ,ഉല്ലാസ കേന്ദ്രങ്ങൾ , ബിസിനസ്സ് സാദ്ധ്യതകൾ , സർവോപരി ദീർഘ കാലവിസയും .

ഇങ്ങനെ എല്ലാവിധ അനുകൂല ഘടകങ്ങളും ഒത്തുചേരുന്നൊരു രാജ്യം എന്ന നിലയിൽ U A E എക്സ്പാട്രിയേറ്റ്‌സിനെ ഏറ്റവും അധികം ആകർഷിച്ചുപോരുകയാണ്

വർഷങ്ങളായിൽ ഈ സാഹചര്യങ്ങളിൽ ഇവിടെ താമസിച്ചു ശീലിച്ചവർക്കും ഇവിടെ ജനിച്ചുവളർന്നവർക്കും

ഇനി നാട്ടിൽ പോയി ഒരു സ്ഥിരതാമസം പ്രയാസകരമായിരിക്കും എന്നാണ് ഇതേ സംബന്ധിച്ചുള്ള പഠനങ്ങൾ വ്യക്തമാക്കുന്നത് .

ഈ വിഭാഗത്തിൽപ്പെട്ടവരിൽ സാമ്പത്തികമായി
മുന്നാക്കം നിൽക്കുന്നവരാണ് ഇപ്പോൾ ദുബായിലും ഷാർജയിലും അജ്മാനിലും
ഭവങ്ങൾ വാങ്ങി താമസം തുടങ്ങിയിരിക്കുന്നത് .

നാട്ടിൽ ഒന്നിലധികം വീടുള്ളവർ ഇടക്കൊന്നുപോയാൽ താമസത്തിനായി ഒന്നു കയ്യിൽ വച്ച് ബാക്കിഎല്ലാം വിറ്റൊഴിച്ച് ഇവിടങ്ങളിൽ പാർപ്പിടങ്ങൾ വാങ്ങുന്നതും പ്രവണതയായിട്ടുണ്ട്

ദുബായ് മലയാളികളിൽ അതിസമ്പന്നരായവരാണ് ഈ പ്രവണതക്ക് തുടക്കമിട്ടതെങ്കിലും ഇപ്പോൾ അപ്പർ മിഡിൽ ക്ലാസും
മധ്യവർഗ്ഗത്തിൽ പെട്ടവരും വീടു വാങ്ങാൻ
ആരംഭിച്ചിട്ടുണ്ട് .

അമിതമായ വാടകകൊടുത്തു താമസിച്ചു പോന്നവരും
താങ്ങാനാവുന്ന തവണവ്യവസ്ഥ ഉപയോഗപ്പെടുത്തി ഫ്ലാറ്റുകളും വില്ലകളും വാങ്ങുകയാണ് .

പ്രീ പ്രോപ്പർട്ടി ഹോൾഡിങ് എന്ന പേരിൽ ദുബായ് ആരംഭിച്ച ഭവന പദ്ധതിയുടെ ഗുണഭോക്താക്കളിൽ മലയാളികളും പെടുന്നു .

ഇതിനെ ചുവടുപിടിച്ച് ഷാർജയും നടപ്പാക്കിയ പദ്ധതിയില്‍ മലയാളിയും പേരുചേർക്കപ്പെട്ടിട്ടുണ്ടന്ന് പ്രത്യേകം പറയേണ്ടതില്ല .

നാട്ടിൽ ഒരുവീടിനു ചിലവാക്കുന്ന പണവുമായി തട്ടിച്ചു നോക്കുമ്പോൾ U A E യില്‍ വാങ്ങുന്നതിനു ചിലവേറും .

എങ്കിലും ഇന്ത്യയിലെ വൻ നഗരങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇതു കൂടുതലല്ല .

തന്നെയുമല്ല ദുബായിലൊരു വീടോ ഫ്ലാറ്റോ വാങ്ങുമ്പോൾ കിട്ടുന്നത് അതുമാത്രമല്ലല്ലോ .

മുൻപ് പറഞ്ഞ , രാജ്യാന്തര നിലവാരത്തിലുള്ള ജീവിത സൗകര്യങ്ങളും സമാധാനാന്തരീക്ഷവും
സാമൂഹിക സുരക്ഷിതത്വവും ഒക്കെയും ഇതോടൊപ്പം കിട്ടുകയാണ് .
ഏറ്റവും വലിയ ആകർഷണവും ഇതു തന്നെ .

മറ്റൊരു നേട്ടം എന്തെന്നാൽ മറിച്ചു വില്‍ ക്കണമെന്നു തോന്നിയാൽ കിട്ടാവുന്ന വലിയ ലാഭമാണ് .

U A E യിലെ റിയൽ എസ്റ്റേറ്റ് മേഖല കോവിഡാനന്തരം അതിദ്രുതം വളരുകയാണ് .
പോകെപ്പോകെ അതിനിയും വളരാനാണ് സാധ്യത .

ആ നിലക്ക് ദുബായിലോ ഷാർജയിലോ അജ്മാനിലോ ഒരു സ്വന്തം വീടെന്നത് വലിയ നിക്ഷേപം കൂടിയാണ് .

പ്രവാസ ജീവിത്തിൽ ഉണ്ടായ ഈ മാറ്റംകണ്ട് UA E യിലെ റിയൽ എസ്റ്റേറ്റ് മേഖലയിലേക്ക് കേരളത്തിലെ വലുതും ചെറുതുമായ ബിള്‍ഡേഴ്സ്‌ വാഞ്ചുകഴിഞ്ഞു .

നമ്മുടെ ആവശ്യത്തിനൊത്തും ബഡ്ജറ്റിന് ഇണങ്ങിയതുമായ വീടുകളും ഫ്‌ളാറ്റുകളും നിർമ്മിച്ചുനൽകാൻ ഇവർ തയ്യാറാണ് .

ഇതോടെ അതിസമ്പന്നർക്കു മാത്രമല്ല മിഡിൽക്ലാസ്സിനും ദുബായിൽ ഒരു വീട്‌ എന്നത് സാക്ഷാത്കരിക്കാവുന്ന സ്വപ്നമായി മാറിയിട്ടുണ്ട് .

അതെ …നാട്ടിൽ വീടുകൾ അടയുമ്പോൾ
ദുബായിൽ മലയാളികള്‍ സ്വപ്ന ഭവനങ്ങൾ തുറക്കുകയാണ് .

Leave a Reply

Your email address will not be published. Required fields are marked *