ഗൾഫ് ജീവിതത്തിൽ ഒന്നും നേടിയില്ലെന്നു തോന്നുമ്പോൾ സ്വയം ചോദിക്കാം: അതിനു വേണ്ടി നാം എന്താണ് ചെയ്തത്? !!

arabian-sea.com

ഹോ !
എന്താണീ ഗൾഫ് ജിവിതം ?
എത്രയോ കാലമായി ഞാൻ ഇവിടെ വന്നിട്ട് ?
എന്താണ് ഞാൻ ഉണ്ടാക്കിയത് ?
എന്താണീ ജീവിതത്തിന്റെ നീക്കിയിരുപ്പ്‌ ?

ഇത്തരം ചോദ്യങ്ങൾ സ്വയം ചോദിച്ചുപോകുന്ന ധാരാളം സന്ദർഭങ്ങൾ
ഒരു ഗൾഫ് മലയാളിയുടെ ജീവിതത്തിൽ ഉണ്ടാവാറുണ്ട് .

എത്ര ശ്രമിച്ചിട്ടും വർഷമെത്ര കഴിഞ്ഞിട്ടും
കരയ്ക്ക് അടുക്കാത്ത ജീവിതത്തെ നോക്കി നെടുവീർപ്പിടുന്ന ലക്ഷക്കണക്കിനാളുകൾ പ്രവാസി സമൂഹത്തിലുണ്ട് .
മറ്റുള്ളവരുടെ നേട്ടമോ ഉയർച്ചയോ
എന്തുകൊണ് തനിക്കുണ്ടായില്ല
എന്നാലോചിച്ചു വിഷമിക്കുന്നവരും
ഇക്കൂട്ടത്തിലുണ്ട്

പത്തോ , പതിനഞ്ചോ , ഇരുപതോ ,
ഇരുപത്തിയഞ്ചോ വർഷം ഗൾഫ് നാട്ടിൽ ജീവിച്ചൊരാൾ താൻ പിന്നിട്ട കാലത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ
നിരാശയാണ് ഫലമെങ്കിൽ എന്താവാം അതിന്റെ അടിസ്ഥാന കാരണം ?
അതിന് ഉത്തരം കിട്ടണമെങ്കിൽ സ്വയം ചില ചോദ്യങ്ങൾ ചോദിക്കേണ്ടതുണ്ട് .

ഗൾഫിലേക്ക് വിമാനം കയറുമ്പോൾ
എന്തെല്ലാമായിരുന്നു മോഹങ്ങൾ ?
കെട്ടിപ്പടുക്കണമെന്നും കൈക്കലാക്കണമെന്നും ആഗ്രഹിച്ചത് എന്തൊക്കെയാണ് ?
തന്റെ വിദ്യാഭ്യാസത്തിനും തൊഴിൽ പരിചയത്തിനും കഴിവിനും ഒത്തുള്ള സ്വപ്‌നങ്ങൾ ആയിരുന്നുവോ അതൊക്കെയും എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ?
ആ സ്വപ്‌നങ്ങൾ സഫലമാക്കുന്നതിനായി
കഠിനമായി പ്രയത്നിച്ചിട്ടുണ്ടോ ?
കരിയർ ഉയർത്തിക്കൊണ്ടു വരാനും അതുവഴി വരുമാനം വർധിപ്പിക്കാനും
ഉത്സാഹം കാട്ടിയിട്ടുണ്ടോ ?

സ്വയമേയുള്ള ഈ ചോദ്യങ്ങൾക്ക് എന്ത് ഉത്തരമാണോ കിട്ടുന്നത് അതാണ് നിങ്ങൾ !
നിങ്ങളുടെ ഭാവി ,അത് ശോഭനമാവട്ടെ , ശോഷിച്ചതാവട്ടെ
അതിന്റെ ഉത്തരവാദി നിങ്ങൾ തന്നെയാണ് .

ഗൾഫിൽ ഒന്ന് എത്തിക്കിട്ടിയാൽ മതി ,
ബാക്കിയെല്ലാം തനിയെ ശരിയായിക്കൊള്ളും എന്ന ചിന്താഗതിയോടെയാണ് ഭൂരിപക്ഷവും ഇറങ്ങിപ്പുറപ്പെടുന്നത് .

പക്ഷേ ഗൾഫിന്റെ സവിശേഷ സാഹചര്യങ്ങളും ജീവിതാഭിലാഷങ്ങളും
തമ്മിൽ ഏറ്റുമുട്ടുമ്പോൾ തെളിഞ്ഞു വരുന്ന യാഥാർഥ്യങ്ങൾ മറ്റൊന്നാണ്‌ .

ഒന്നും തനിയെ ശരിയായി വരില്ല എന്നതാണ് അതിലെ ഏറ്റവും വലിയ സത്യം .
എല്ലാറ്റിനും നമുക്കൊരു പദ്ധതിയുണ്ടായിരിക്കണം .
അത് തെരഞ്ഞെടുക്കുമ്പോൾ നമുക്ക് എന്തു കഴിവാണ് കൈമുതലായുള്ളത്
എന്നതിനെപ്പറ്റി ശരിക്കും അറിഞ്ഞിരിക്കണം .

ഉദാഹരണത്തിന് ഒരു പ്രോഡക്റ്റ് ഉണ്ടാക്കുന്ന ഒരാൾക്ക് അത് വിൽക്കാനുള്ള കഴിവ് അത്ര ഉണ്ടാകണമെന്നില്ല .
ഇൻഡസ്‌ട്രിയലിസ്റ്റും ട്രേഡറും തമ്മിലുള്ള വ്യത്യാസം അറിയണമെങ്കിൽ
ടാറ്റയെയും എം എ യുസഫലിയെയും
നോക്കിയാൽ മതി .

ടാറ്റ , മോട്ടോർകാർ മുതല്‍ സോപ്പുവരെ ഉണ്ടാക്കുന്ന ആഗോള കമ്പനിയാണ് .
പക്ഷേ അവർക്ക് യുസഫലിയോളം വില്പന തന്ത്രങ്ങൾ പരിചയമില്ല .
ദുബായിലെ ലുലു മാളിലും കൊച്ചിയിലെ
ലുലുമാളിലും ഒരേ റീറ്റെയ്ൽ സ്ട്രാറ്റജിയല്ല നിലനിൽക്കുന്നത് .
എന്നാൽ ഒരു ട്യൂത്ത് പേസ്റ്റിന്റെ ഉപയോഗം എവിടെയും ഒന്നാണ് എന്നിരിക്കെ
അതിന്റെ വില്പനരീതികൾ രണ്ടിടത്തും രണ്ടുരീതിയിലാകും ഉണ്ടായിരിക്കുക .
ആ വിദ്യ ഉല്പാദകന്‍ അറിഞ്ഞു കൊള്ളണമെന്നില്ല .
ഓരോരുത്തർക്കും അവരുടേതായ സാമർഥ്യമാണ് വേണ്ടത് എന്നാണ്
ഇത് നമ്മോട് പറയുന്നത് .

ഇതു പോലെയാണ് നാം ഓരോരുത്തരുടെയും
ഉള്ളിലുള്ള കഴിവുകളും .
അത് ഒന്നിനൊന്ന് വ്യത്യസ്തമാണ് .
അതുകൊണ്ട് മറ്റൊരാളെ പോലെ താൻ
എന്തുകൊണ്ടായില്ല എന്ന ആലോചനതന്നെ പാടില്ലാത്തതാണ് .

അവരല്ല നിങ്ങൾ . നിങ്ങളല്ല അവര്‍ .
അത് അംഗീകരിക്കുന്നതോടെ നിങ്ങൾ
സ്വതന്ത്രമായി ചിന്തിക്കാൻ തുടങ്ങും .
എന്റെ കഴിവുകൾ വച്ച് എനിക്ക് എന്തുചെയ്യാൻ പറ്റും എന്ന്‌
ശരിക്കും ആലോചിച്ചുറപ്പിച്ചതിന് ശേഷമേ
ഒരു കർമ്മ മേഖല തെരെഞ്ഞെടുക്കാവൂ .

അത് ബിസിനസ്സായാലും ജോലിയായാലും അധ്യാപക വൃത്തിയായാലും ഇവന്റ് മാനേജ്മെന്റ് ആയാലും ശരി ,
ആതുര രംഗങ്ങളായ അലോപ്പതിയോ ആയുർവേദസെന്ററോ എന്തിന് ഒരു ഗ്രോസറി ആയാലും ശരി തെരഞ്ഞെടുക്കുമ്പോൾ അതില്‍ നിങ്ങൾക്കുള്ള അഭിരുചിയും അറിവും അർപ്പണവുമാണ് വിജയത്തെ
തീരുമാനിക്കുന്നത് .
അല്ലാതെ മറ്റൊരാളുടെ വിജയം കണ്ട്
താനും അങ്ങനെയായിത്തീരും എന്ന
മുൻവിധിയുമായി ഇറങ്ങിയാൽ പരാജയമാകും ഫലം

പലകാര്യങ്ങളും നാട്ടിൽ നന്നായി ചെയ്തവർ പോലും ഗൾഫിൽ വന്നു ചെയ്യുമ്പോൾ പലപ്പോഴും അത് വേണ്ടത്ര വിജയിക്കാതിരിക്കുകയോ പരാജയത്തിൽ കലാശിക്കുകയോ ആണു കണ്ടുവരുന്നത് .
നാട്ടിലെ രീതികളല്ല ഗൾഫ് ആവശ്യപ്പെടുന്നത് എന്നതാണ് അതിന്റെ
അടിസ്ഥാന കാരണം .
അതുകൊണ്ടാണ് ഇവിടുത്തെ ജോബ് മാർക്കറ്റ് ഉദ്യോഗാർത്ഥികളോട് ഗൾഫ്
സ്‌പീരിയൻസ്‌ ഉണ്ടോ എന്നു ചോദിക്കുന്നത് .

പുറമെ നോക്കുമ്പോൾ നിസ്സാരമെന്നു തോന്നുന്ന ഒരു റെസ്റ്റോറന്റ് ജോബ് എടുത്തുപരിശോധിച്ചാൽ തന്നെ അറിയാം ആ രീതികളിലെ വ്യത്യാസം .

എന്നാൽ അറിയൂ ഗൾഫു നാടുകളിൽ ഒരു റെസ്റ്റോറന്റ് നടത്തുക എന്നത് ഒരു നിസ്സാര കാര്യമല്ല .
അതിന്റെ പിന്നിലുണ്ടായിരിക്കേണ്ട അധ്വാനവും അർപ്പണവും വശ്യമായ ആതിഥേയത്വവും വാക്കുകൾക്ക് അതീതമാണ് .
ഇന്റീരിയർ നന്നായാൽ കാഴ്ച്ച ഭംഗി യുണ്ടാവും . ഇരിപ്പിടം നന്നായാൽ അത് റി ലാക്‌സേഷൻ നൽകും .
പക്ഷേ ഭക്ഷണം നന്നായില്ലെങ്കിൽ ഇതുകൊണ്ടൊക്കെ എന്തുകാര്യം ?
ഇനി വിളമ്പുന്നതെല്ലം അതീവ സ്വാദിഷ്ഠമാണെന്ന് തന്നെ വയ്ക്കുക .
സർവീസ് മോശമായാൽ ആ സ്വാദ് അതിഥികൾക്ക് ആസ്വദിക്കാനാവില്ല . പിന്നെല്ലാം അരോചകമായി മാറും .
വന്നവർ പിന്നെ വരില്ല .
ഭക്ഷണത്തിൽ അല്പസ്വല്പ പോരായ്മ ഉണ്ടായാൽ പോലും അതിഥികളെ പരിചരിക്കുന്ന വിധം ഹൃദയസ്പർശി ആയാൽ അവര്‍ അതുമറക്കും .
നന്നായി നൽകിയ സർവീസ് അവരെ വീണ്ടും വരാൻ പ്രേരിപ്പിക്കും .

ഇതേ സമയം കേരളത്തിലെ ഒട്ടുമുക്കാൽ റെസ്റ്റോറന്റുകളിലെയും സ്ഥിതി വളരെ ദയനീയമാണ് . വേണ്ടത്ര ഹൈജീനിക്കല്ല . സര്‍വീസിന്റെ കാര്യം
അതിനേക്കാൾ മോശവും .
” വേണേൽ കഴിച്ചിട്ടുപോ ” എന്ന അലസ മനോഭാവമാണ് അതിഥികളോട് കൂടുതൽ വെയിറ്റർ മാരും പുലർത്തിപ്പോരുന്നത് .

അതിലെല്ലാമുപരി അടുത്തകാലത്ത്
ഭക്ഷ്യ വിഷബാധയേറ്റ് യുവതി മരിച്ച സംഭവം കേരളത്തിലെ റെസ്റ്റോറന്റ് നടത്തിപ്പിലെ ഗുരുതര വീഴ്ചയിലേക്കാണ് വിരൽ ചൂണ്ടിയത് .

ഇത്തരം അലംഭാവവുമായാണ് ഗൾഫിൽ
റെസ്റ്റോറന്റ് നടത്താൻ എത്തുന്നതെങ്കിൽ എന്തു സംഭവിക്കും എന്നതിനും ഉദാഹരണങ്ങളുണ്ട് .
പണം കയ്യിലുള്ള ചില ആളുകൾ ചേർന്ന് എളുപ്പത്തിൽ ചെയ്യാവുന്ന ബിസിനസ്സ് എന്ന നിലയിൽ ഗൾഫിൽ റെസ്റ്റോറന്റ് തുറക്കുന്നതും അധികം വൈകാതെ
അടക്കുന്നതും ഒരു സാധാരണ സംഭവം ആയിട്ടുണ്ട് .
തുറക്കുന്നത് കെങ്കേമമായിട്ടാണെങ്കിൽ
അടക്കുന്നത് വളരെ രഹസ്യമായിട്ടാകും . അതിനാൽ അടയുന്നത് അങ്ങനെ അറിയുന്നില്ലെന്നു മാത്രം .

റെസ്റ്റോറന്റ്മേഖല ഒരു ഉദാഹരണമായി
പറഞ്ഞുവെന്നേയുള്ളൂ .
ഗൾഫിലെ ഏതൊരു ബിസിനസ്സും ഇതുപോലെ ഒരുപാടു കരുതലും ശ്രദ്ധയും ആവശ്യപ്പെടുന്നതാണ് .
ഒരു ഇന്റർനാഷണൽ കൾച്ചർ നിലനിൽക്കുന്ന
സ്ഥലം എന്നനിലക്ക് പൊതുവായ ഒരു ബിസിനസ്സിനും നാടിന്റെ രീതികളുമായി
ബന്ധം സ്ഥാപിക്കാനാവില്ല .
ഈ അടിസ്ഥാന പാഠത്തിൽ നിന്നുവേണം
എന്തും തുടങ്ങിവയ്ക്കാൻ .
ബിസിനസിന് മാത്രമല്ല, തുടക്കത്തിൽ പറഞ്ഞ ഏതൊരു തൊഴിൽ രംഗത്തിനും ഇതു ബാധകമാണ് .
നാട്ടിൽ ചെയ്തജോലിക്കു തന്നെയാണ്
ഗൾഫിൽ ഒരാൾ എത്തുന്നതെങ്കിൽ പോലും കുറച്ചുദിവസം കൊണ്ടു അയാൾ മനസ്സിലാക്കും ഈ ജോലി താൻ മറ്റൊരുവിധത്തിലാണ് ചെയ്യേണ്ടതെന്ന് .

ഒരു ഹെയർ കട്ടിങ് സലൂണിൽപോലും
ഈ മാറ്റം കാണാം എന്നതാണ് സത്യം .
സലൂണുകൾക്ക് നാട്ടിലായാലും ഗൾഫിൽ ആയാലും തൊഴിൽ പരമായി ചെയ്യാനുള്ളത് ഒന്നുതന്നെയാണെങ്കിൽ പോലും അതിന്റെ സമീപനത്തിൽ ചില ചെയ്ഞ്ചസ് ഉണ്ടെന്ന് പ്രഥമ ദൃഷ്ട്യാ കാണാം .

ജീവനക്കാരുടെ വെടിപ്പുള്ള മേൽക്കുപ്പായവും കയ്യുറയും കട്ടിങ് ടൂൾസും കസ്റ്റമേഴ്‌സിനെ പുതപ്പിക്കുന്ന ആവരണവും സദാസമയവും പ്രവർത്തിക്കുന്ന മ്യൂസിക് സിസ്റ്റവും ടി .വി യും തണുപ്പുനിറഞ്ഞ അന്തരീക്ഷവുമെല്ലാം അതിനെ കേവലം ‘ഒരു മുടിവെട്ടുകട ‘ യില്‍ നിന്നു മാറ്റിയെടുത്തിട്ടുണ്ടാകും .

ഇതിനെല്ലാമപ്പുറം ഇവിടെ തൊഴിലെടുക്കുന്നയാള്‍ തന്റെ ഓരോ കസ്റ്റമേഴ്‌സിന്റെയും മനസ്സറിഞ്ഞു പെരുമാറുന്നതായും കാണാം .
മലയാളി ചെറുപ്പക്കാരുടെ ഒരു വലിയ തെഴിലിടമാണിന്നു ഗൾഫു നാടുകളിലെ സലൂണുകള്‍ .
വരുമാനത്തിന്റെ പകുതിയോടടുത്ത തുക പ്രതിഫലം എന്ന വ്യവസ്ഥയിലാണ് ജോലി എന്നതുകൊണ്ട് സ്ഥിരം കസ്റ്റമേഴ്‌സിന്റെ വലിയൊരു കൂട്ടത്തെ നല്ല സർവീസ് കൊണ്ടും
പെരുമാറ്റം കൊണ്ടും ഉണ്ടാക്കിവയ്ക്കാൻ ഇവർ ഒരോരുത്തരും ശ്രദ്ധിക്കുന്നുണ്ട് .
ഇവരുമായി മാനസികബന്ധം സ്ഥാപിച്ച കസ്റ്റമർ ഇവരുടെ പേഴ്സണൽ നമ്പറിൽ വിളിച്ചു സമയം ഫിക്സ് ചെയ്താണ്
സലൂണിൽ എത്തുക .

ഇങ്ങനൊരു തൊഴിൽ സംസ്‍കാരം
മലയാളി സ്വായത്തമാക്കിയ ഒരു പാട് ഇടങ്ങൾ ഗൾഫിൽ കാണാനാകും .
റെസ്റ്റോറന്റ് മുതല്‍ ജുവല്ലറി വരെയും കാർ വാഷ് മുതല്‍ ആയുർവേദ സെന്റർ വരെയും അത് പടർന്നു കിടപ്പാണ് .

സെയിത്സിലായാലും പരിചരണത്തിലായാലും സേവന രംഗത്തായാലും തങ്ങളുടെ ഇടപാടുകാർക്ക് വക്തിപരമായ പരിഗണന ഒന്നു നൽകി നോക്കൂ .
അത് ഭാവിയുടെ പടിക്കെട്ടായി മാറുന്നത്
അത്ഭുത്തോടെ അനുഭവിച്ചറിയാനാകും .

ഗൾഫ് ഇപ്പോഴും അവസരങ്ങളുടെ നാടാണ് . അതിനെ കണ്ടെത്തുകയും കഴിവിനൊത്തു പ്രയോജനപ്പെടുത്തുകയും
ചെയ്യുന്നവർക്ക് അതിരുകളില്ലാതെ വളരാം .
അത് ബിസിനസ്സിൽ ആയാലും തൊഴിൽ രംഗത്തായാലും .

ഇവിടെ തുടക്കത്തിൽ പറഞ്ഞത് ഒന്നു കൂടി പറയുകയാണ് .
വിജയത്തിനു വേണ്ടത് അനുകരണമോ
ആശയ ചോരണമോ ,
താരതമ്യമോ അല്ല .
തനിക്ക് ഏററവും നന്നായി ചെയ്യാൻ കഴിയുന്നത് എന്താണെന്നു മനസ്സിലാക്കി ,
ഏതിലാണ് , എന്തിലാണ് തന്റെ മികവെന്നു തിരിച്ചറിഞ്ഞ് അവിടെ എത്തിച്ചേരുക .
നിലനില്പിനായി തുടക്കത്തിൽ സ്വീകരിച്ച
ജോലി കയ്യിൽ വച്ചുകൊണ്ടുതന്നെ ഒരു മാറ്റത്തിനു ശ്രമിക്കാൻ സാധിക്കു മെന്നിരിക്കെ എന്തിനത് വേണ്ടെന്നു വയ്ക്കണം ?

(ചിരിയോടെ )

എല്ലാം നിങ്ങളുടെ ഉത്സാഹത്തെ ആശ്രയിച്ചാണിരിക്കുന്നത് .
നമ്മുടെ എല്ലാ വിജയങ്ങളുടെയും പരാജയങ്ങളുടെയും ഉത്തരവാദി
നമ്മൾ തന്നെയാണെന്ന സത്യം മറക്കാതിരിക്കുക .
ഗൾഫ് ജീവിതത്തെ നിരാശയോടെ കാണാതിരിക്കുക .
മലയാളികൾക്ക് പതിറ്റാണ്ടുകളോളം സൗഭാഗ്യങ്ങൾ
വാരിക്കോരിത്തന്ന ഗൾഫ് ,
അതിന്റെ ഉറവകൾ ഇപ്പോഴും തുറന്നിട്ടിരിക്കുക തന്നെയാണ് .
അതുകൊണ്ട് ശുഭാപ്തി വിശ്വാസിയാകൂ .
പരിശ്രമങ്ങൾ കൈവിടാതിരിക്കൂ .

Leave a Reply

Your email address will not be published. Required fields are marked *