നന്നായി ജീവിക്കുന്നത്ഗൾഫ് കുടുംബങ്ങളോനാട്ടുകാരോ?

arabian-sea.com

പണം പച്ചവെള്ളം പോലൊഴുക്കുന്ന
നാട്ടിലെ ജിവിതം കണ്ട് അന്തം വിടുകയാണ് അവധിക്കു ചെല്ലുന്ന
ഗൾഫുകാർ .

നാട്ടുകാരുടെ കയ്യിൽ എവിടുന്നാണ്
ഇത്രമാത്രം കാഷ് ?
ആർഭാടം ഉപേക്ഷിച്ച് കുടുംബത്തിനുവേണ്ടി ജീവിക്കുന്ന പ്രവാസിക്ക് പ്രശ്നങ്ങൾ ഒഴിഞ്ഞ നേരമില്ല .
പക്ഷേ നാട്ടിൽ ഉള്ളവർ ഒരു പ്രശ്നവും ഇല്ലാത്തമട്ടിൽ അടിച്ചു പൊളിച്ചു ജീവിക്കുന്നു ?
എന്താണിതിന്റെ മാജിക്ക് ?
ഈ ചോദ്യം മറഞ്ഞിരിക്കുന്ന ഒരുപാട്
യാഥാർഥ്യങ്ങളെ പുറത്തു കൊണ്ടു വരുന്നു
അത് എന്താണെന്നു കേൾക്കൂ :

ഒരു വർഷത്തെ അല്ലെങ്കിൽ രണ്ടുവർഷത്തെ വരുമാനത്തിൽ നിന്ന്
മാസാമാസം വീട്ടിലേക്ക് അയച്ചതിന്റെ ബാക്കി അൽപ്പാൽപ്പം മിച്ചം വച്ചും അതുപോരെന്നു തോന്നിയാൽ കുറച്ചു കടംവാങ്ങിയും ശേഖരിച്ച പണം കൊണ്ടാകും ഒരു ശരാശരി ഗൾഫുകാരൻ നാട്ടിലെത്തുന്നത് .

വിമാനമിറങ്ങി വീട്ടിലേക്കുള്ള കാർയാത്രമുതൽ ചിലവ് ആരംഭിക്കുകയായി .
തന്നെ കൂട്ടാൻവന്ന കുടുംബവുമായി യാത്രക്കിടയില്‍ ഒരു ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ച് അതിന്റെ ബില്ല് കാണുന്നതോടെ വിലക്കയറ്റത്തിന്റെ ഭീകരത ഗൾഫ്കാരൻ അറിഞ്ഞു തുടങ്ങും .
വീട്ടില്‍ എത്തുന്നതോടെ പച്ചവെള്ളംപോലെ പിന്നങ്ങോട്ട് ക്യാഷ് ഒഴുകളാണ് .

വന്ന് ഒരാഴ്ച കഴിയുന്നതോടെ ഇതു വരെ ഇല്ലാത്ത ആവശ്യങ്ങളുമായി
സ്വന്തം വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും പലവിധ പിരിവുകാരും
വട്ടമിടുകയായി പിന്നെ .

ഇത്തരം ആവശ്യങ്ങൾക്കായി ഒരു ദിവസം കുറഞ്ഞത് രണ്ടായിരത്തിനും
അയ്യായിരത്തിനും ഇടയിൽ രൂപയാണ്
ചിലവാക്കേണ്ടി വരുന്നത് .
ഇത് വീട്ടിനുള്ളിൽ തന്നെ ഇരുന്നാലുള്ള
കാര്യമാണ് .
കുടംബത്തെ കൂട്ടിയോ സുഹൃത്തുക്കളെ കൂട്ടിയോ എവിടേക്കെങ്കിലും ഒരു കാർ യാത്ര നടത്തിയാൽ പെട്രോളും ഭക്ഷണവും ചെറിയ പർച്ചേസും ഒക്കെയായി ഒരു പതിനായിരം പോന്നതറിയില്ല .

ഒരു കല്യാണത്തിനോ വീടിന്റെ പാലു കാച്ചലിനോ പോയിവന്നാലും കാഷ് ചോരുകയായി .
ഗൾഫ് കാരനാണ് എന്ന ഇമേജ് വച്ചാണ്
ആളുകൾ എന്തും പ്രതീക്ഷിക്കുക .
ചെറിയൊരു മുറുകിപ്പിടുത്തം കാണിച്ചാൽ
വീട്ടിനകത്തുനിന്നു തന്നെയാകും ആദ്യ പരിഹാസം . അപ്പോൾ പിന്നെ അന്യരിൽ
നിന്ന് എന്താണുണ്ടാവുക എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല .

രണ്ടുമാസത്തെ ലീവിന് വന്നയാൾ
ഒരു മാസം കഴിയും മുമ്പുതന്ന നിയന്ത്രിക്കാനാവാത്ത ചിലവുകൊണ്ട് പാപ്പരാകും . പിന്നെ നിൽക്കണമെങ്കിൽ
സ്വർണ്ണം പണയം വെച്ചോ എവിടുന്നെങ്കിലും കടം വാങ്ങിയോ
പണം കണ്ടെത്തേണ്ട അവസ്ഥയിലാകും .

ഇങ്ങനെ കണ്ടെത്തിയ പണം പെട്ടെന്ന്
ചോർന്നു പോകാതിരിക്കാൻ
വീട്ടിലെ പല ആവശ്യങ്ങളും വെട്ടിക്കുറക്കുകയും പുറത്തേക്കുള്ള സഞ്ചാരം കഴിവതും ഒഴിവാക്കുകയും
ചെയ്തുകൊണ്ടുള്ള ഒരു പ്രതിരോധമാകും
വേണ്ടിവരിക .

അതോടെ വീട്ടില്‍ നിന്നുൾപ്പെടെ പലഭാഗത്തുനിന്നും അസിഹിഷ്ണുത
പൊട്ടിപ്പുറപ്പെടാൻ തുടങ്ങും .

ഈ ഒരുഘട്ടത്തിൽ ഭാര്യ പറയാനിടയുള്ള പരാതി ഇങ്ങനെയാവും :
മാറ്റിമാറ്റി വെച്ചകാര്യങ്ങളൊക്കെ ഇവിടെ വന്നു നിൽക്കുമ്പോഴെങ്കിലും ചെയ്തിലെങ്കിൽ പിന്നെപ്പോൾ ചെയ്യാനാണ് .
ഗൾഫിൽ ആയിരിക്കുമ്പോൾ നിങ്ങൾ പറയും ഞാൻ വരട്ടെ എന്ന് . വന്നു കഴിഞ്ഞാലോ കാശില്ല ..കാശില്ലാ എന്ന പറച്ചിലും “

ഭാര്യ ഇങ്ങനെ പറയുമ്പോൾ അതില്‍
വസ്തുതയുണ്ടെന്ന് അയാൾക്കറിയാം .
പക്ഷേ ഇങ്ങനൊക്കെയെ പോകാൻ പറ്റൂ
എന്നു തീർത്തുപറഞ്ഞാൽ ജീവിതകാലം മുഴുവന്‍ അവൾക്കു നിരാശയാവും .
അതുകൊണ്ട് അയാളെ പോലെ പലരും പറയുക ഇങ്ങനെയാകും
“എല്ലാം ശരിയാകും .
കുറച്ചുസമയംകൂടി വേണ്ടിവരും .
അത്രേയുള്ളു . “
അങ്ങനെ പറയുമ്പോഴും അങ്ങനെ ഒരു സമയമുണ്ടാകുമോ എന്ന്‌ അയാൾക്ക്‌ തന്നെ അറിയില്ല .

മനസ്സിൽ കൂട്ടിവെച്ച
ടൂർ പദ്ധതിയും അകലെയുള്ള ബന്ധുവീട്
സന്ദർശനവും ഒന്നും നടക്കാതെ പോകുന്നതിനുള്ള നിശാശയിൽ
ഗൾഫുകാരുടെ ജീവിതവും നാട്ടിലുള്ളവരുടെ ജീവിതവും താരതമ്യം ചെയ്ത് ഭാര്യ പറയുന്നത് ഇതാവും

“ഒന്നു പുറത്തോട്ടിറങ്ങി നോക്ക് .
നമ്മളെപ്പോലുള്ള ഗൾഫ് കാരേക്കാൾ
നാനായിട്ടാണ് നാട്ടിലുള്ളവർ ജീവിക്കുന്നത് . തീറ്റിയും കുടിക്കുമൊന്നും ഒരു കുറവുമില്ല .
കാറിൽ നിന്നിറങ്ങാൻ ആർക്കും നേരവുമില്ല . തലങ്ങും വിലങ്ങും തത്രതന്നെ യാത്ര .
ഓരോരുത്തരും കാശ് ചിലവാക്കുന്നത് കണ്ടാൽ നമ്മൾ അന്തം വിടും “

സത്യത്തിൽ ഭാര്യ പറഞ്ഞത് ശരിയാണെന്നു അയാൾക്കുംതോന്നിയിരുന്നു .
വിമാനത്താവളത്തിൽ കാലുകുത്തിയതുമുതൽ അതൊക്കെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു .

പെട്രോളിന് എത്ര വിലകൂടിയിട്ടും കാറുകൾ പെരുകുകയാണ് .
സ്വർണ്ണക്കടയും തുണിക്കടയും ചെരുപ്പുകടയും ശവർമ്മക്കടയും ബേക്കറിയുമൊക്കെ എത്രയെണ്ണമാണ് പുതുതായി വന്നിരിക്കുന്നത് !

കച്ചവടമില്ലാഞ്ഞിട്ടല്ലല്ലോ ഇതെല്ലാം തുറന്നു വെച്ചിരിക്കുന്നത് .
കൊള്ളാവുന്ന റെസ്റ്റോറന്റുകളൊക്കെ
ഏതുനേരവും ഫുള്ളാണ് .
ബിവറേജ് ഷോപ്പിനു മുൻപിൽ എപ്പോൾ നോക്കിയാലും നീണ്ട ക്യു ആണ് .
എവിടുന്നാണ് ആളുകളുടെ കയ്യിൽ ഇതിനും മാത്രം പണം ?

ഓരോ മാസവും കാൽക്കുലേറ്റ് ചെയ്തു ജീവിക്കുന്ന ഒരു ഗൾഫുകാന്
നാട്ടിലെ ഈ ലാവിഷ് ലൈഫ് എങ്ങനെയെന്ന് ഒരു പിടിയും കിട്ടില്ല .

തൊഴിലില്ലായ്മ അതിരൂക്ഷമാണ് .
പഠിച്ചിറങ്ങിയ യുവാക്കൾക്കൊന്നും
പണികിട്ടുന്നില്ല . കിട്ടിയാൽത്തന്നെ
ശമ്പളം തീരെയില്ല .
വിലക്കയറ്റത്തിൽ കേരളീയ ജിവിതം
പൊരുതി മുട്ടുകയാണ് .
എന്നൊക്കെയാണ് വാർത്തകൾ .
പക്ഷേ കാഴ്ചയിലോ ജിവിതം സുഖലോലുപം .

പക്ഷേ നാട്ടിൽ കുറേക്കാലം ജീവിക്കാനിടയായാൽ , കുറച്ചൊരു അന്വേഷണവും നിരീക്ഷണവും നടത്തിയാൽ മനസ്സിലാകും ഈ കാണുന്നതൊക്കെ ഒരു മായാജാലമാണെന്ന്‌ .

10,000 രൂപ ഡൗൺ പേയ്മെന്റ് നൽകിയാൽ എതു പുതുപുത്തൻ കാർ
വേണമെങ്കിലും വീട്ടു മുറ്റത്തെത്തും .
പ്രീമിയം എല്ലാമാസവും അടക്കാനാവുമോ എന്നതൊന്നും പലർക്കും ഒരു വിഷയമേയല്ല .

കാശുള്ളപ്പോൾ പെട്രോൾ ഒഴിക്കും , ഓടും . ഇല്ലാത്തപ്പോൾ ഷെഡിൽ കിടക്കും .
ലോൺ അടവ് മുടങ്ങിയാൽ ഫിനാൻസ് കമ്പനിയിൽ നിന്ന് ആദ്യം നോട്ടീസ് വരും .

അനങ്ങുന്നില്ലെന്നു കണ്ടാൽ പിന്നെ കോട്ടിട്ട ഗുണ്ടകൾ വന്ന് കാർ കൊണ്ടു പോകും .
അൽപ്പം അടിപിടിയും കശ പിശയും ഒക്കെ ഇതിന്റെ പേരിൽ ഇരു കൂട്ടരും തമ്മിൽ
ഉണ്ടാവുക ഒരു നാട്ടുനടപ്പായതിനാൽ
ആർക്കും പ്രശ്‍മില്ല .

വേറെ എവിടുന്നെങ്കിലും കടമെടുത്ത് കാർ
വീണ്ടുക്കുന്നവരുണ്ട് . അതിനു വഴിയില്ലാത്തവർക്ക് കാറുമില്ല , കൊടുത്ത കാശുമില്ല .

ഇനി ലാവിഷ് ആയി ചിലവാക്കുന്നതിന്റെ അടിസ്ഥാനം എന്തെന്നു നോക്കാം .
കിട്ടുന്ന വരുമാനം അത്. ഡെയ്‌ലി വേജസ് ആയാലും കൊള്ളാം മാസശമ്പളം ആയാലും കൊള്ളാം അത് തീരുവോളം ഇഷ്ടം പോലെ ചിലവഴിക്കുക .
നാളെയ്ക്കുള്ള യാതൊരു നീക്കിയിരുപ്പുമില്ലാതെ ഇന്ന് ..ഇന്ന്
എന്ന വിചാരത്തോടെയുള്ള ജീവിതമാണ്
കേരളത്തിലെ മിഡിൽ ക്ലാസ് , ലോവർ ക്ലാസ് വിഭാഗങ്ങളിലെ കൂടുതൽ ആളുകളും ഇപ്പോൾ കൈക്കൊണ്ടിരിക്കുന്നത് .

ഇന്നിന്റെ ആഗ്രഹങ്ങൾ …
ഇന്നിന്റെ സന്തോഷങ്ങൾ
അതാണ് ആളുകളിൽ മുന്നിട്ടു നിൽക്കുന്നത് .
തന്നെ കൊണ്ട് കഴിയാവുന്ന ജോലി ചെയ്യുക , ഇഷ്ടംപോലെ ആഹാരം കഴിക്കുക , മദ്യപാനം വേണ്ടവർ എത്രവിലകൊടുത്തും അത് ചെയ്യുക ,
കാർ ഉള്ളവർ വാരാന്ത്യത്തിൽ പെട്രോൾ അടിക്കാനുള്ള കപ്പാസിറ്റി അനുസരിച്ചു എവിടെയെങ്കിലും ചുറ്റിയടിച്ചു വരിക ,
പോരും വഴിയിൽ സുഹൃത്തുക്കൾ ചേർന്നുള്ള യാത്രയാണെങ്കിൽ ബാറിൽകയറുക .
ഫാമിലിയോടൊത്താണെങ്കിൽ കാഴ്ച്ചയിൽ പത്രാസുള്ള റെസ്റ്റോറന്റിൽ കയറി വില നോക്കാതെ മൃഷ്ട്ടാനം കഴിക്കുക .

അന്നന്നത്തെ ഈ സംതുപ്തി ജീവിത്തിൽ ഉണ്ടാകാനിടയുള്ള അനിശ്ചിതതെപറ്റി ഇവർ ആരും ഓർക്കുന്നതേയില്ല .

പെട്ടെന്ന് ജോലിയില്ലാതായാലോ
നല്ലോരു തുക വേണ്ടിവരുന്ന സന്ദർഭമുണ്ടായാലോ വീടിന്റെ ആധാരം പണയപെടുത്തി കൊള്ള പലിശക്ക് പണമെടുക്കുക , കാര്യം കാണുക എന്നതാണ് മനോഭാവം .

പക്ഷേ അതിന്റെ പിറകിൽ പതിയിരിക്കുന്ന ദുരന്തം അപ്പോൾ കാണാനാവില്ലെന്നു മാത്രം .
പലിശ കയറി
ഉള്ള കിടപ്പാടം കൂടി നഷ്ടപ്പെടുത്തിയ കഥകളാണ് ഇതിൽ പലരുടെയും ജീവിതത്തിൽ പിന്നീട് കേൾക്കാനാവുന്നത് .

അന്നന്നത്തെ സംതൃപ്തിക്കായി വരുമാനം മുഴുവനും ചിലവഴിക്കുന്നവരുടെ
ജിവിതം പുറത്തുനിന്നു നോക്കുമ്പോൾ
തിളക്കമുള്ളതായിരിക്കും .
എന്നാൽ അവരുടെ വീടുകളിലേക്കൊന്നുപോകൂ .
അരക്ഷിതാവസ്ഥ തളം കെട്ടിക്കിടക്കുന്നത് കാണാം .

കേരളത്തിലെ പല വഴികളിലൂടെയുമുള്ള യാത്രക്കിടയിൽ ശ്രദ്ധിച്ചാൽ കാണാവുന്ന സവിശേഷമായ മറ്റൊരു കാര്യമുണ്ട് .
ഭൂരിപക്ഷം വീടുകളും പെയിന്റ് അടിച്ചിട്ട്
25 – 30 വർഷത്തിനു മേൽ ആയിട്ടുണ്ടാകും എന്ന കാര്യം .

ഒരു വീടൊന്നു പെയിന്റടിക്കാൻ ഇന്നു
ലക്ഷക്കണക്കിന് രൂപവേണം .
ഇടക്കൊരു വീട്‌ പുതു പെയിന്റിന്റെ തിളക്കത്തിടെ കണ്ടാൽ മനസ്സിലാക്കിക്കൊള്ളു ആ വീട്ടില്‍ അടുത്തൊരു കല്യാണം നടന്നിട്ടുണ്ട് എന്ന്‌ .
അല്ലാത്ത വീടുകളിലേറെയും കണ്ണടച്ചതു പോലെ മങ്ങി നിൽപ്പാണ് .

ഈ മങ്ങിയ കാഴ്ചയാണ് തങ്ങളുടെ
ജീവിതത്തിനും എന്ന്‌ ഇവരാരും മനസ്സിലാക്കുന്നില്ല .
അന്നന്നത്തെ സുഭിക്ഷിത മാത്രം നോക്കിയും നാളെയെ അതിന്റെ പാട്ടിനു വിട്ടും ജീവിക്കുന്ന വലിയൊരു സമൂഹം
നടന്ന് നീങ്ങുന്നത് ജീർണമായൊരു ഭാവിയിലേക്കാണെന്നും അറിയുന്നില്ല .

കുറച്ചുകാലമായി പിടിപ്പെട്ട , ഏതെല്ലാമോ ഭ്രമങ്ങളുടെ പിന്നാലെയുള്ള ഈ പാഞ്ഞുപോകലിന് ഒരു ഓമനപ്പേരുമുണ്ട് :
അടിച്ചുപൊളി ജിവിതം .

ഇങ്ങനെ സ്വയം അടിച്ചുതകർക്കുന്ന ഒരു ജീവിതമാണ് നാട്ടിലെത്തുന്ന ഗൾഫ് മലയാളി കണ്ട് അത്ഭുതപ്പെടുന്നത് .
” നാട്ടിലുള്ളവർ ഗൾഫ് കുടുംബങ്ങളെക്കാൾ നല്ലപോലെയാണ് ജീവിക്കുന്നത് . നമ്മളെക്കാളൊക്കെ പണം ചിലവാക്കിയാണ് അവര്‍ ജീവിക്കുന്നത് “
എന്ന് ഭാര്യ പറയുമ്പോൾ പുറമേഉള്ള കാഴ്ച്ചയിൽ അത് ശരിയെന്നു കണ്ട് അന്തം വിടുന്ന ഗൾഫുകാരൻ ക്രമേണ മനസ്സിലാക്കുന്ന കാര്യങ്ങളാണ്
ഓരോന്നായി മുകളിൽ പറഞ്ഞത് .

എന്തായാലും ഇങ്ങനൊരു ജിവിതം
ഒരിക്കലുമൊരു പ്രവാസിക്ക് സാധ്യമല്ല .
അതിന്റെ പ്രധാന കാരണം താനും തന്റെ കുടുംബവും എന്നതിലേക്ക് അവന് ചുരുങ്ങാനാവില്ല .
ഭാവിയെപ്പറ്റി ചിന്തിക്കാതെ കിട്ടുന്നതൊക്കെയും ഇപ്പോഴത്തെ സുഖസൗകര്യങ്ങൾക്കായി ചിലവഴിക്കാനാവില്ല .
നാട്ടിൽ ഒരാളിൽ നിന്നും ആരും ഒന്നും പ്രതീക്ഷിക്കുന്നില്ല . ആരും ആർക്കും വെരുതെ ഒന്നും നൽകുന്നില്ല .

എന്നാൽ ഗൾഫിലുള്ളവരിൽനിന്ന് സ്വന്തം വീട്ടുകാർ മാത്രമല്ല. ഭാര്യ വീട്ടുകാരും മറ്റു ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം പണമോ പാരിതോഷികങ്ങളോ എപ്പോഴും
പ്രതീക്ഷിക്കുന്നു ; ഒരാവകാശം പോലെ .

മറ്റുള്ളവരെ കരുതലോടെ കാണുക എന്ന
പ്രവാസികൾക്ക് മാത്രമായിക്കിട്ടിയ സഹജവാസനയുണ്ട് .
അതുവിട്ടു സ്വാർത്ഥനാകാൻ
കഴിയാത്തതിനാൽ പണവും പാരിതോഷികങ്ങളും ഇപ്പോഴും തന്നാൽ കഴിയും വിധം അവര്‍ നൽകിക്കൊണ്ടിരിക്കുന്നു .
നാട്ടിൽ ഉള്ളവർക്ക് ഇതിന്റെ ഒന്നും ആവശ്യമില്ല . അതിനാൽ അവർക്ക് സ്വന്തം ജിവിതം ആർഭാടമാക്കാം .

ലോൺ എടുത്തു കാർ വാങ്ങിയാൽ അതിന്റെ പ്രീമിയം മുടങ്ങാതെ നോക്കിയില്ലെങ്കിൽ ഫിനാൻസ് കമ്പനിയിലെ ആൾക്കാർ വന്ന് അത് കൊണ്ടുപോകുന്നത് ഒരു ഗൾഫുകാരനെ
സംബന്ധിച്ച് കൊടിയ അപമാനമാണ് .
അതിനാൽ അവര്‍ വേണ്ടെന്നു വയ്ക്കുന്നു .
എന്നാൽ നാട്ടിലുള്ള അടിച്ചുപൊളി ജീവിതക്കാർക്ക്
ആകാട്ടെ മേല്പറഞ്ഞതുപോലെ ഇതൊരു സാധാരണ സംഭവവമാണ് .

ഒരു ഗൾഫ് മലയാളി കുറേ കാലമെടുത്തായാലും അഭിവൃദ്ധി പ്രാപിക്കുന്നത് ബോധപൂർവം കൈക്കൊണ്ടിട്ടുള്ള സാമ്പത്തിക അച്ചടക്കം കൊണ്ടാണ് . ഭാവി ജീവിതത്തിലേക്കുള്ള അൽപ്പാൽപമായ
നിക്ഷേപം കൊണ്ടാണ് .

അതുകൊണ്ട് ഒരു കാര്യം കൂടി അടിവരയിട്ടു പറയട്ടെ .
ഒന്നോ രണ്ടോ വർഷം കൂടിയിരുന്ന് അവധിക്കു വരുന്ന ഭർത്താവിനെ
നാട്ടിലുള്ളവരുടെ അടിച്ചുപൊളിജിവിതം
കാണിച്ചുകൊടുത്തു ഭാര്യമാർ കുറ്റപ്പടുത്തുകയോ അവരെ സങ്കടപ്പെടുത്തുകയോ ചെയ്യരുത് .
ഏത് ആർഭാടവും കയ്യെത്തും ദൂരത്തുണ്ടായിട്ടും ഗൾഫിജീവിതത്തിൽ അതെല്ലാം അവര്‍ ത്യജിക്കുന്നത് നിങ്ങൾക്ക് വേണ്ടിയാണ്
കുടുംബത്തിന് വേണ്ടിയാണ് . മറ്റുള്ളവർക്ക് വേണ്ടിയാണ് .
അപ്പോൾ നിങ്ങളും അതിന്റെ ഒരംശമെങ്കിലും ത്യജിക്കേണ്ടിവരും .
താരതമ്യത്തെക്കാൾ
ത്യാഗം ഫലം തരും
എന്നോർക്കുക .

എൻ .എം . നവാസ്

Leave a Reply

Your email address will not be published. Required fields are marked *