ദുബായ് : കടൽ കൈവഴികാട്ടിയ വാണിജ്യ നഗരം

arabian-sea.com

മരുഭൂമിയാല്‍ ചുറ്റപ്പെട്ട എല്ലാ ഗൾഫ് രാജ്യങ്ങളുടെയും പ്രകൃതം ഒന്നായിരിക്കെ ദുബായ്‌മാത്രം എങ്ങനെയാണ് ലോകത്തിന്റെ നെറുകയിലെത്തിയത്‌ ?
നിലക്കാത്ത വാണിജ്യവും ടൂറിസവും എന്നാവും അതിനുള്ള ഉത്തരം .
എന്നാൽ ഇതിന് ആദ്യമായി വഴിതുറന്നത് ക്രീക്ക് എന്ന കടലിന്റെ നീണ്ട കൈവഴിയാണ് .

നൈൽ നദിയുടെ ദാനമാണ് ഈജിപ്ത് എന്നു പറയുംപോലെ , തെംസ് നദിയുടെ അനുഗ്രഹമാണ് ലണ്ടന്‍ നഗരം എന്നു പറയുമ്പോലെ ,സീൻ നദിയുടെ സംഭാവനയാണ് പാരീസ് എന്നുപറയുംപോലെ ആധുനികദുബായിയെ സൃഷ്ടിക്കുന്നതിൽ ഗണ്യമായ പങ്കു വഹിച്ചത് മരുഭൂദേശത്തിന്റെ ഹൃദയത്തിലേക്ക് നീണ്ടു കിടക്കുന്ന ക്രീക്ക് എന്ന ‘നദി ‘ യാണ് .
മീൻ പിടിച്ചും മുത്തുവാരിയും കഴിഞ്ഞു കൂടിയ ഒരു ജനതയുടെ പുതു സ്വപ്‌നങ്ങൾ തളിരിട്ടു നിന്നത് ഈ ക്രീക്കിന് ഇരുപുറമാണ് .
അറബികളിൽ ഏറിയ പങ്കും താമസിച്ചിരുന്നത് മണ്ണു കുഴച്ചുണ്ടാക്കിയ ചുവരുകളും പനയോലകൊണ്ട് മേലാപ്പുമിട്ട കുടിലുകളിലുമാണ് .

കച്ചവടം കൊണ്ട് കുറച്ചൊക്കെ പണം നേടിയവർ കടലിന്നടിയില്‍ നിന്നു കിട്ടുന്ന കല്ലുകൾ കൊണ്ട് (കോറൽ റോക്സ് ) വീടുവെച്ചുപോന്നു . മേൽക്കൂര അപ്പോഴും ഈത്തപ്പനയോലകൊണ്ട് കെട്ടിയുണ്ടാക്കിയതാവും .
അന്ന് അറബികൾ മുഖ്യമായും കഴിഞ്ഞുകൂടിയത് കടലുമായി ബന്ധപ്പെട്ട തൊഴിലുകൊണ്ടാണ് .
മീൻ പിടുത്തം ,മീൻ ഉണക്കൽ ,മുത്തുവാരൽ ,കക്കവാരൽ …

കടലോര പ്രദേശം വിട്ടു ഉള്ളിലേക്ക് കടന്നാൽ ഈത്തപ്പഴം പറിക്കലും ഉണക്കലും തരാതരം തിരിക്കലും അത് വട്ടിയിൽ നിറക്കലുമാണ് ജീവിതമാർഗ്ഗം .
ഈത്തപ്പഴം വട്ടിയിൽ നിറക്കുന്നത് കയറ്റുമതി ചെയ്യാനാണ് .കൂടുതലും പൊയ്ക്കൊണ്ടിരുന്നത് ബോംബെക്ക് .
ഈത്തപ്പഴവുമായി പോകുന്ന ലോഞ്ചുകൾ ബോംബെയിൽ നിന്നു തിരികെവരുമ്പോൾ അരിയും പഞ്ചസാരയും ഗോതമ്പും സവോളയും മറ്റും കൊണ്ടുപോരും . (ഇങ്ങനെ ചരക്കുകൾ കയറ്റിക്കൊണ്ടുവന്ന ലോഞ്ചുകളിൽ പതിയിരുന്നാണ് മലയാളികൾ ആദ്യമായി ദുബായിലെത്തിയത് )

അമ്പതുകളുടെ തുടക്കത്തിൽ ജിവിതം കരുപ്പിടിപ്പിക്കാനുള്ളതൊന്നും കാര്യമായി ഇല്ലാതിരുന്ന ദുബായിൽ പിന്നെന്തു ന്യായത്തിന്മേൽ ആണ് ആളുകൾ കഷ്ട്ടപ്പെട്ടു വന്നുകൊണ്ടിരുന്നതെന്നു ചോദിച്ചാൽ മറ്റൊരു ഗൾഫ്നാടിനും ഇല്ലാതിരുന്നൊരു വശീകരണ മന്ത്രം ദുബായ് അന്നേ ഉരവിടുന്നുണ്ടായിരുന്നു ; വ്യാപാരം !

ഇവിടെ പറഞ്ഞക്രീക് ആണ് വ്യാപാരങ്ങൾക്കത്രയും വഴിതുറന്നത് . അമ്പതുകളുടെ തുടക്കത്തിൽ ഭാഗ്യാന്വേഷികൾക്ക് പ്രതീക്ഷ നൽകിയിരുന്നത് കുവൈറ്റും ബഹ്റൈനുമാണ് . കാരണം എണ്ണയുത്പാദനം ഉണ്ടായിരുന്നത് അവിടെ മാത്രം . അതിനാൽ അതുണ്ടാക്കുന്ന സാമ്പത്തികാഭിവൃദ്ധിക്കുചുറ്റും അതിന്റെ ഗുണഭോക്താവാകുവാൻ കടൽ കടന്ന് ആളുകളെത്തി .
ഇവിടങ്ങിലേക്കും മറ്റു തുറമുഖങ്ങളിലേക്കും പോകുന്ന ചരക്കുകപ്പലുകൾക്കും മറ്റും ഒരിടത്താവളമായി ദുബായിയെ മാറ്റിഎടുത്താൽ എന്തെന്നൊരു ആശയം ധിഷണാശാലിയായ അന്നത്തെ ദുബായ് ഭരണാധികാരിയായ ഹിസ് ഹൈനസ് ശൈഖ് റാഷിദ് ബിൻ സ ഈദ് അൽ മക്തൂമിൽ ഉടലെടുത്തത്രെ.

ദുബായിയുടെ തീരമണയാൻ ക്രീക് എന്ന കടലിന്റെ കൈവഴി പ്രകൃതി ഒരുക്കി വെച്ചിരിക്കുന്നത് അദ്ദേഹം ദീർഘവീക്ഷണം ചെയ്‌തു ,നടപ്പിലാക്കി .
നീണ്ട പശ്ചിമേഷ്യന്‍ കടൽ യാത്രയിൽ വിശ്രമം തേടിയ കപ്പലുകൾക്ക് ദുബായ് തീരം വലിയ സ്വീകാര്യതയായി .
ചുങ്കമില്ലാതെ ചരക്കു കൈമാറ്റത്തിന് ഒരു വ്യാപാര ഇടനാഴി തുറന്നുകിട്ടിയ സന്തോഷവും കടൽവഴി കച്ചവടം നടത്തുന്നവർക്ക് ഇതു സമ്മാനിച്ചു .
പുറം കടലിലൂടെ പോയ കപ്പലുകളും ലോഞ്ചുകളും അങ്ങനെ ദുബായിൽ നങ്കൂരമിടാൻ തുടങ്ങി . ഈ വിധം ഉദയം കൊണ്ട ദുബായ് തുറമുഖം പശ്ചിമേഷ്യയുടെ ആകെ വ്യാപാര കേന്ദ്രമാകാൻ അധിക കാലം വേണ്ടിവന്നില്ല ; ക്രമേണ ലോകത്തിന്റെയും .

Leave a Reply

Your email address will not be published. Required fields are marked *