’50 ശതമാനത്തിലധികം പുരുഷന്മാർ കേരളത്തിൽ പെണ്ണു കിട്ടാനില്ലാതെ പുര നിറഞ്ഞു നിൽക്കുന്നു ‘
ഏതാനും ദിവസം മുൻപ് പുറത്തു വന്ന ഒരു സർവേ റിപ്പോർട്ടാണിത് .
സർവ ടെലി വിഷൻ ചാനലുകളും വ്ലോഗുകളും യൂ ട്യൂബ് ചാനലുകളും ഈ വിഷയം ദിവസങ്ങളോളം ചർച്ച ചെയ്ത് റേറ്റിങ് വർധിപ്പിക്കുമ്പോൾ വിവാഹ മാർക്കറ്റിൽ കേരളത്തിലെ ചെറുപ്പക്കാർക്ക് റേറ്റിംഗ് കുറയുകയാണ് .
പെണ്ണുകിട്ടാതെ 30 ഉം 35 ഉം വയസ്സുകടന്ന് പ്രായമേറുന്നതിന്റെ അങ്കലാപ്പിലാണ് ഇവർ .
ഇങ്ങനെ സംഭവിക്കുന്നത് പെണ്ണുങ്ങൾക്ക് ആണുങ്ങളെ തീർത്തും ഇഷ്ടമില്ലാത്തതുകൊണ്ടല്ല .
അവര്‍ മറ്റെന്തിനേക്കാളും തങ്ങളെ ത്തന്നെ ഇഷ്ട്ടപ്പെടുന്നതാണ് ഇതിനു കാരണമായി സർവേയിൽ പറയുന്നത് .
സ്വയം ഇഷ്ട്ടപ്പെടുകയെന്നു പറഞ്ഞാൽ
വിദ്യാഭ്യാസം , ജോലി , കരിയർ , സ്വന്തം കാലിൽ നിൽക്കൽ ..സാമ്പത്തിക സ്വാതന്ത്ര്യം , വ്യക്തി സ്വാതന്ത്ര്യം
എന്നിവയാണ്
ഉടനെയുള്ളൊരു വിവാഹത്തേക്കാൾ തങ്ങൾ ആഗ്രഹിക്കുന്നതെന്നാണ് ഇതേ സംബന്ധിച്ച ചോദ്യത്തിനുത്തരമായി ഇവർ പറഞ്ഞത് .
ഒറ്റവാക്കിൽ പറഞ്ഞാൽ ആദ്യം സ്വയം പര്യാപ്‌തത നേടുക .
ബാക്കിയെല്ലാം പിന്നെ .
പിന്നെ എന്നുപറഞ്ഞാൽ പി..ന്നെ .
അതൊരു നീണ്ട കാലാവധിയാണ് .
24 ഓ 25 ഓ 26 ഓ വയസ്സുകഴിഞ്ഞാലും വിവാഹത്തിന് കൂട്ടാക്കാതെ ആ കാലാവധി തങ്ങളുടേതായ ആവശ്യങ്ങൾ പറഞ്ഞു പെൺകുട്ടികൾ നീട്ടിക്കൊണ്ടു പോവുകയാണ് .
അതിനനുസരിച്ച് , കാത്തുകാത്തിരുന്ന് ആൺകുട്ടികൾക്കും പ്രായമേറുന്നു .
ഇതൊരു സങ്കീർണ മായ സാമൂഹിക പ്രശ്നമായിരിക്കുകയാണിപ്പോൾ .
വിവാഹം നീട്ടിവയ്ക്കലിനും ചിലപ്പോൾ വേണ്ടെന്നു വയ്ക്കലിനും പെൺകുട്ടികളെ പ്രേരിപ്പിച്ചതിൽ മേൽ പറഞ്ഞ കാരണങ്ങളോടൊപ്പം മറ്റു ചിലതുകൂടിയുണ്ട് ;
വിവാഹശേഷം അവര്‍ ചെന്നു പെടുന്ന ദുരിതാവസ്ഥകളെ സംബന്ധിച്ച വാർത്തകളാണത് .
ഭർതൃ ഗൃഹത്തിൽ നിന്ന് ഏൽക്കേണ്ടി വരുന്ന പീഡനങ്ങളും സ്ത്രീധനത്തിന്റെ പേരിലുള്ള നിത്യകലഹങ്ങളും അത് ഒടുവിൽ നവവധുവിനെ ജീവൻ വെടിയേണ്ട അവസ്ഥയിൽ കൊണ്ടെത്തിക്കുന്നതുമൊക്കെ പത്ര വാർത്തകളായി എത്ര വേണമെങ്കിലും നമുക്കു ചുറ്റടുമുണ്ട് .
ഇതുപോലുള്ള പല കാരണങ്ങൾ കൊണ്ടും വിവാഹം സമൂഹം ഏല്പിച്ചുതരുന്ന ഒരു കെണിയാണെന്നു വിശ്വസിക്കുന്ന പെൺകുട്ടികളുടെ എണ്ണം കുറവല്ലെന്നും
സർവേ റിപ്പോർട്ട് വെളിപ്പെടുത്തുന്നുണ്ട് .
ഗർഭ ധാരണം , പ്രസവം , കുട്ടികളെ പരിപാലിക്കൽ , വീട്ടുജോലി എന്നീ വിവാഹശേഷമുള്ള പരമ്പരാഗത രീതികളോടും പല പെൺകുട്ടികൾക്കും ഇഷ്ടക്കേടായിരിക്കുന്നു .
” പിന്നെ നിങ്ങൾ എന്താ സന്യസിക്കാൻ പോകയാണോ ” എന്ന മട്ടിലുള്ള തലനരച്ചവരുടെ പഴയ ചോദ്യങ്ങളേയും ഇവർ കാര്യമാക്കുന്നില്ല .
” ഞങളെ ഞങ്ങളുടെ പാട്ടിനു വിട്ടേക്ക് “
എന്നാകും ഇതിനോടുള്ള ഇവരുടെ പ്രതികരണം .
എന്നു വച്ച് കേരളത്തിലെ വിവാഹപ്രായമെത്തിയ എല്ലാ പെൺകുട്ടികളും ഇങ്ങനെയാണെന്നല്ല .
പകുതിപ്പേർ കുറേ കണ്ടീഷൻസോടെ വിവാഹത്തിന് സന്നദ്ധരാണ് .
അത്രയും ആശ്വാസം .
ആ സന്നദ്ധതയാണ് 50 ശതമാനം പുരുഷന്മാരെ മംഗല്യ സൗഭാഗ്യം ഉള്ളവരാക്കുന്നത് .
ഇതിൽ നിന്നൊക്കെ വ്യത്യസ്തമാണ് ഗൾഫ് നാടുകളിൽ ജോലിചെയ്യുന്ന മലയാളി ചെറുപ്പക്കാര്‍ നേരിടുന്ന വിവാഹ പ്രശ്നങ്ങൾ .
” ഗൾഫ്‌കാരനാണോ പിന്നൊന്നും നോക്കാനില്ല ” എന്ന രീതിയിൽ വിവാഹാലോചന വേളയിൽ
വൻ സ്വീകാര്യത ഉണ്ടായിരുന്ന ചെക്കന്മാർക്ക് ഇന്ന് ഈ യോഗ്യതമാത്രം വിവാഹത്തിന് പോരാതായിരിക്കുന്നു .
ഗൾഫ് സമ്പത്തും വലിയ വീടും കാറും ഒക്കെയായി വീടിനുള്ളിൽ ഒരുങ്ങിക്കിട്ടിയിരുന്ന ആർഭാടങ്ങളല്ല ദാമ്പത്യ ജീവിതത്തിനു വേണ്ടതെന്ന് പഠിപ്പുള്ള പെൺകുട്ടികൾ തിരിച്ചറിഞ്ഞിട്ടെന്നപോലെയാണ് ഇപ്പോൾ അവര്‍ മുന്നോട്ടു വയ്ക്കുന്ന ആവശ്യങ്ങൾ .
” കല്യാണം കഴിക്കുന്നത് ഒന്നിച്ചു ജീവിക്കാനാണ് .അല്ലാതെ ഒന്നോ രണ്ടോ വർഷം കൂടുമ്പോൾ ഏതാനും ദിവസം തമ്മിൽ കണ്ടു പോകാനുള്ളതല്ല .”
എന്നു തുറന്നുപറയാൻ അവര്‍ ആർജ്ജവം നേടിയിരിക്കുന്നു .
പെണ്ണു കാണാനെത്തുന്ന ഗൾഫ് കാരോട് പ്രധാനമായും അവർക്കു ചോദിക്കാനുള്ളത് കല്യാണം കഴിഞ്ഞാൽ എന്നെ കൊണ്ടുപോകുമോ എന്നാണ്
‘നോക്കാം ‘ എന്ന സാധാരണ മറുപടിയിലൊന്നും
അവര്‍ തൃപ്തരല്ല .
അതുകൊണ്ട് തുടർ ചോദ്യങ്ങൾ പ്രതീക്ഷിക്കാം :
എന്താണ് ജോലി ? എന്താണ് ഡെസിഗ്നേഷൻ ?
തൊഴിൽ സംബന്ധമായഈ ചോദ്യങ്ങൾക്കു കിട്ടുന്ന മറുപടിയിൽനിന്ന് ലഭിക്കാവുന്ന വരുമാനത്തിന്റെ ഒരേകദേശ കണക്കിൾ അവര്‍ എത്തിച്ചേരും .
ഗൾഫില്‍ ഒരാൾ ഏർപ്പെടുന്നൊരു ജോലിയുടെ സ്വഭാവവും അതനുസരിച്ചുള്ള അതിന്റെ സൗകര്യങ്ങളും വരുമാനവും നാട്ടിലിരുന്ന് മറ്റൊരാൾക്ക് ഏകദേശം മനസ്സിലാക്കാവുന്നത്ര അവയർനെസ്സ് ഇന്നുണ്ട് .
കേരളത്തിലെ ഗൾഫ് പോക്കറ്റുകളിലും
അവിടുന്നുള്ള പണം കൊണ്ടുജീവിക്കുന്നവർക്കിടയില്‍ പ്രത്യേകിച്ചും .
ഈ അന്തരീക്ഷത്തിൽ വളർന്നു വന്നൊരു പെൺകുട്ടിക്ക് ഇതെല്ലാം ഒരു പ്രാക്ടിക്കൽ നോളഡ്ജ് ആവുക സ്വാഭാവികം .
അതുവച്ചുള്ള ബൈനോക്കുലര്‍ കാഴ്ച്ചയില്‍ അവൾ കാണുന്നത് , വിവാഹം ആലോചിച്ചു വന്നയാൾക്ക് തന്നെ ഗൾഫിൽ കൊണ്ടുപോയി താമസിപ്പിക്കാൻ തക്ക വരുമാനം ഇല്ലാത്തയാളാണെന്നൊരു ചിത്രമാണെങ്കിൽ
അപ്പോൾ തന്നെ അവൾ ഒരു തീരുമാനമെടുക്കുന്നു :
‘ഇതു സെറ്റാവില്ല ‘
സെറ്റാകാത്തതിന്റെ കാരണം നിങ്ങളുടെ വരുമാനക്കുറവാണെന്നു തുറന്നു പറയാൻ മടിക്കുന്ന പെൺകുട്ടികൾ മറ്റൊരു ഡിപ്ലോമാറ്റിക്ക് റീപ്ലേ റെഡിയാക്കി വച്ചിട്ടുണ്ടാകും :
” ഞാനിപ്പോൾ ഒരു കോഴ്‌സിന് ചേർന്നിരിക്കുകയാണ് . മൂന്നു വർഷത്തെ കോഴ്സാണ് . അത് കഴിയുന്നതുവരെ കാത്തിരിക്കണമെന്നു വരുന്നത് ബോറല്ലേ ? നിങ്ങള് വേറെ നോക്കിക്കോ .”
എന്തൊരു നയതന്ത്രജ്ഞത അല്ലേ ?
ഗൾഫിൽനിന്നു വിവാഹകഴിക്കാനുള്ള ആഗ്രഹത്തത്തോടെ നാട്ടിൽ വന്ന് അതുനടക്കാതെ തിരിച്ചുപോന്ന ചെറുപ്പക്കാർ പറഞ്ഞിട്ടുള്ള യാഥാർഥ്യങ്ങളാണ് ഇതൊക്കെയും .
എന്നാൽ “ഗൾഫ് നാടുകളിൽ കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യുന്ന ചെറുപ്പക്കാരെല്ലാം അവിവാഹിതരായി കഴിയുകയല്ലല്ലോ . അവരും പെണ്ണുകെട്ടിതന്നെയാണ് ജീവിക്കുന്നത് “
എന്നൊരു എതിർവാദം ഇവിടെ ഉയരാം .
അത് ശരിയുമാണ് .
പക്ഷേ മുൻപത്തെ പോലെ അത്രയെളുപ്പമല്ല കാര്യങ്ങൾ .
സെറ്റായി വരാൻ ഇപ്പോൾ കൂടുതൽ സമയമെടുക്കുന്നുണ്ട് .
വേർപിരിഞ്ഞു താമസിക്കാനാണെങ്കിൽ എന്തിനു വിവാഹം കഴിക്കണം എന്ന പെണ്മക്കളുടെ ചോദ്യത്തെ ഇപ്പോൾ മാതാപിതാക്കളും ഉൾക്കൊള്ളുന്നുണ്ട് .
അതുപോലെ പുതുതലമുറ ആൺ കുട്ടികളും മാറിയ മനോഭാവത്തെ അംഗീകരിച്ചിട്ടുണ്ട് .
റെസിഡൻസ് വിസക്കും അതിനോട് അനുബന്ധിച്ചുള്ള കാര്യങ്ങൾക്കും സാമ്പത്തിക ശേഷിയില്ലാത്തവർ പെണ്ണിനെ വിസിറ്റ് വിസയിൽ കൊണ്ടുവരുന്നു .
. പിന്നെ എയർ ടിക്കറ്റിന് നിരക്ക് കുറയുന്ന സമയം നോക്കി ഇടക്കിടെ നാട്ടിൽ പോകുന്നു .
ഇങ്ങനെയെല്ലാം ദാമ്പത്യ ജീവിതത്തെ കൂടുതൽ അടുപ്പിച്ചുനിർത്താൻ ആവുന്നത്ര ശ്രമിക്കുന്നു .
ബാങ്ക് ബാലൻസ് ഇല്ലെങ്കിലും ബയോളജിക്കൽ നീഡ്സിനെ നിറവേറ്റാനാവണമെന്നു കുറച്ചൊരുകാലം മുതല്‍
ഗൾഫിലെ പുതുമണവാളന്മാരെ മാറ്റിച്ചിന്തിപ്പിക്കാൻ പെൺകുട്ടികളുടെ വിവാഹ നിബന്ധനകൾക്ക് കഴിഞ്ഞിരിക്കുന്നു എന്നതാണ് ഇതിന്റെയെല്ലാം പരിണിത ഫലം.
എൻ.എം. നവാസ്