പ്രിയപ്പെട്ട എം ടീ…
മലയാള സാഹിത്യത്തിലെ അപൂർവ സൗഭാഗ്യമേ …
വാക്കുകൾ കൊണ്ട് വിസ്മയിപ്പിച്ച എഴുത്തുകാരാ …
കേരളം താങ്കളുടെ 90 ആം പിറന്നാൾ / നവതി ഒരാഘോഷമാക്കിയിരിക്കുന്ന ഈ വേളയിൽ
ആ വികാരം ഏറ്റുവാങ്ങുന്ന ജനാവലിയിൽ , ഞങ്ങളുമുണ്ട് .
ഞങ്ങൾ എന്നാൽ ദാരിദ്ര്യം സഹിക്കവയ്യാതെ ഗൾഫ് നാടുകളിലേക്കു പുറപ്പെട്ടുപോയ പല തലമുറകൾ .
60 വർഷത്തെ ഗൾഫ് കുടിയേറ്റ ചരിത്രത്തിൽ അതിന്റെ മൂലകാരണമായി പതിഞ്ഞുകിടക്കുന്നത് പട്ടിണിയും തൊഴിലില്ലായ്‌മയും ആണല്ലോ .
എം .ടി . എഴുതിയ വിഖ്യാതമായ കഥകളിലും നോവലുകളിലും അതെഴുതിയ കാലത്തെ മനുഷ്യാവസ്ഥയെപ്പറ്റി വിവരിക്കുമ്പോൾ എഴുന്നു നിൽക്കുന്നതും ഈ പട്ടിണിയും ദാരിദ്ര്യവും തൊഴിലില്ലായ്മയുമാണ് .
കർക്കിടകം എന്ന കഥയിൽ ഇല്ലായ്മകൾ ഇരുൾവീഴ്ത്തിയ ഒരു വീട്ടില്‍ ഇത്തിരി ചോറിനായി കാത്തിരിക്കുന്ന ഒരു ഉണ്ണിയുണ്ട് .
അതുപോലെ , 1970 ല്‍ എഴുതിയ , കേന്ദ്ര സാഹിത്യ അക്കാദമി അവാർഡുനേടിയ കാലം എന്ന നോവലിൽ സേതു എന്ന ചെറുപ്പക്കാരൻ ഒരു തൊഴിൽ തേടി ഭാരതപ്പുഴ കടന്ന് അകലെയുള്ള നഗരത്തിലേക്ക് പോകുന്നുണ്ട് .
ഒരു പിടിച്ചോറിനായി കാത്തിരുന്ന ഉണ്ണിയും കഷ്ടപ്പാടുകൾക്ക് അറുതിതേടി സ്വന്തം നാടുവിട്ടുപോയ സേതുവും ഞങ്ങളിൽ ,
ഗൾഫ് മലയാളികളിലുണ്ട് . ഞങ്ങളുടെ പൂർവികരിലുണ്ട്.
എം ടി തന്റെ 25 ആം വയസ്സിലാണ്
ആദ്യനോവലായ നാലുകെട്ട് എഴുതുന്നത് .
ജീർണിച്ച ഒരു സാമൂഹിക സമ്പ്രദായത്തിനെതിരെയുള്ള രോഷമാണ് അതില്‍ മുഴങ്ങിക്കേട്ടത് .
അതിലെ കേന്ദ്ര കഥാപാത്രമായ അപ്പുണ്ണി അനുഭവിച്ച ഗതിമുട്ടിയ ജിവിതം അന്നത്തെ എല്ലാ ചെറുപ്പക്കാരുടെയും പ്രശ്നമായിരുന്നു .
ഭാവി ഇരുണ്ടുകിടക്കുന്ന നാലുകെട്ടിൽനിന്ന് രക്ഷപ്പെടണമെന്ന് അവര്‍ ആഗ്രഹിച്ചു .
കെട്ടുപാടുകളുടെ പടിക്കെട്ട് കടന്ന് ചെറുപ്പക്കാർ എങ്ങോട്ടെന്നില്ലാതെ യാത്ര തിരിച്ചു .
കേരളീയ ജീവിതത്തിന്റെ ആ ഒരു പരിണാമഘട്ടം വിങ്ങുന്ന വാക്കുകളിൽ എഴുതിയ നാലുകെട്ട് പുറത്തുവന്നത് 1958 ല്‍ ആണ് .
ഗൾഫിലേക്ക് ആളുകൾ പത്തേമാരി കയറി പോകാൻ ആരംഭിച്ചതും ഇതേ ദശകത്തിലാണ് .
രണ്ടും ചേർത്തുവച്ചാൽ കിട്ടുന്നൊരു ചിത്രമുണ്ട് .
കഥയിൽനിന്നു കഥാപാത്രങ്ങൾ പട്ടിണിയുടെ പടിപ്പുരകടന്ന് രക്ഷപെട്ടോടുന്ന ചിത്രം .
ചിലർ അടുത്ത നഗരത്തിലേക്ക് .
മറ്റുചിലർ ബോംബെയിലേക്ക് .
ബോംബയിൽനിന്ന് ചരക്കു കൊണ്ടുപോകുന്ന പത്തേമാരിയിൽ പതിയിരുന്ന് ഗൾഫ് തീരങ്ങളിലേക്ക് .
നാലുകെട്ടിനു ശേഷം 1970ല്‍ എം .ടി . എഴുതിയ നോവലായ കാലത്തിലെ
നായകനായ സേതു തന്റെ ഗ്രാമത്തിൽ നിന്ന് അകലെയുള്ള നഗരത്തിലേക്ക് പോയത് ,
നിളാനദി കടന്നാൽ കാണാവുന്ന റെയ്ൽവേ സ്റ്റേഷനിൽ നിന്നാണ് .
പാസഞ്ചർ ട്രെയിൻ മാത്രം നിർത്തുന്ന പള്ളിപ്പുറം സ്റ്റേഷനും ദീർഘ ദൂര എക്സ് പ്രസ്സ് ട്രെയിനുകൾ നിർത്തുന്ന കുറ്റിപ്പുറം റെയിൽ വേ സ്റ്റേഷനും കാലം നോവലിൽ കഥാനായകന് നാടുവിട്ടു പോകാനുള്ള വഴിയൊരുക്കുമ്പോൾ
ഇതേ മാർഗ്ഗത്തിലൂടെയാണ് ഇവിടെ നിന്നുള്ള ലക്ഷത്തിൽ പരം വരുന്നആളുകൾ ഗൾഫിൽ എത്തിപ്പെട്ടത് .
കൂടുതലും കുറ്റിപ്പുറംസ്റ്റേഷനിൽ നിന്ന് വണ്ടി കയറി ബോംബേക്കു പോയിട്ടായിരുന്നു മലപ്പുറം ജില്ലയിൽ നിന്നുള്ള ആളുകളുടെ ആദ്യ കാല ഗൾഫ് കുടിയേറ്റം .
എം .ടി യുടെ സേതു പോയ വഴിയേ എന്നു ചുരുക്കം .
ഇവിടെ റെയിൽവേ ട്രാക്കുപോലെ മറ്റൊരു പ്രതീകമാണ് ഭാരതപ്പുഴ .
പൊന്നാനി താലൂക്കിലെ കൂടല്ലൂരിൽ ജനിച്ചു വളർന്ന എം ടി വാസുദേവൻ നായർ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുള്ള കാര്യം
” ഞങ്ങൾക്കൊക്കെ ബാഹ്യ ലോകത്തിലേക്കു പോകണമെങ്കിൽ പുഴ കടക്കണമായിരുന്നു ” എന്നാണ് .
എം ടീ യുടെ പല കഥകളിലും തിരക്കഥകളിലും നിറഞ്ഞും മെലിഞ്ഞും ഒഴുകിയ ആ പുഴക്ക് നിളയെന്നൊരു പേരും ഉണ്ടെന്ന് നമുക്കറിയാം .
ഇതുവഴിയുള്ള തീവണ്ടി യാത്രക്കാർക്ക് ദീർഘദൂരം നിളയൊരു തെളിഞ്ഞ കാഴ്ച്ചയാണ് .
കണക്കുകൾ പ്രകാരം വിവിധ ഗൾഫ് നാടുകളിൽ ഏറ്റവും കൂടുതൽ പേർ എത്തിയിട്ടുള്ളത് മലപ്പുറം ജില്ലയിൽ നിന്നാണ് .
അതായത് പട്ടിണികൂടാതെ ജീവിക്കാൻ ഇറങ്ങിത്തിരിച്ച ഒരു വലിയ വിഭാഗം ആളുകൾ ബാഹ്യ ലോകത്തേക്കുപോയത് എം .ടി .യുടെ നായകനെപ്പോലെ ഭാരതപ്പുഴ കടന്നിട്ടാണ് .
എം ടി കാലം എഴുതിയിട്ട് ഇപ്പോൾ 50 വർഷം കഴിഞ്ഞിരിക്കുന്നു .
ഇതിനിടയില്‍ ഭാരതപ്പുഴ എത്രയോതവണ കരകവിഞ്ഞൊഴുകി .
എത്രയോ തവണ വേനലിൽ വറ്റിവരണ്ടു .
ഇതിനകം ഈ പുഴയൊഴുകുന്ന വലിയ ഭൂവിഭാഗത്തു നിന്നുള്ള എത്രയോ ലക്ഷംപേർ ഗൾഫ് നാടുകളിൽ എത്തിച്ചേർന്നിരിക്കുന്നു .
കാലം എഴുതിയ നേരത്ത് പട്ടിണിപ്പാവങ്ങളായിരുന്നവരിൽ ഏറെപ്പേരും ഗൾഫ് നാടുകളിൽ പോയി പണക്കാരായി .
ജീർണിച്ച നാലുകെട്ടുകളുടെയും ഓലപ്പുരകളുടെയും സ്ഥാനത്ത് വലിയ വീടുകൾ ഉയർന്നു .
അതിനായി ഇതേ പുഴയിൽനിന്ന്
കണക്കില്ലാത്തത്ര മണൽ വാരിയെടുത്തു .
കടത്തുകാർക്ക് കൂലിയിലേറെ കാശു കിട്ടി . ആ ഉദാരതയിൽ അവരുടെ ജീവിതവും പച്ചപിടിച്ചു .
വാരസോപ്പ് തേച്ചു നിളയിൽ കുളിച്ചുപോന്ന സ്ത്രീ പുരുഷന്മാർ ലണ്ടനിൽ നിന്നുള്ള വാസനസോപ്പ് തേച്ചു കുളിക്കാൻ തുടങ്ങിയതോടെ പുഴ സുഗന്ധ പൂരിതമായി .
പലനിറത്തിലുള്ള ജപ്പാൻ നിർമ്മിത തുണിത്തരങ്ങൾ നനച്ചു പഞ്ചാര മണൽത്തട്ടുകളിൽ ഉണക്കാനിട്ടു .
അങ്ങനെ തീരങ്ങളും നിറ വർണ്ണങ്ങളിൽ നീരാടി .
ഗൾഫ് പണംകൊണ്ട് ,
ജിവിതം സ്വപ്നങ്ങൾക്കപ്പുറം സമ്പൽ സമൃദ്ധമായപ്പോൾ നിളയിൽ മുങ്ങിക്കുളിച്ച പെണ്ണുങ്ങളെ മോഡേൺ കുളിമുറികൾ തട്ടിയെടുത്തു .
പുഴ ഏതാണ്ട് അനാഥമായി .
കൂകി വിളിച്ചാൽ തുഴഞ്ഞെത്താൻ കടത്തുകാരനില്ലാതായി .
ധനാർത്തിയുടെ കയ്യേറ്റം കൊണ്ട് കരൾ പിളർന്ന പുഴ ഇന്ന് നിലവിളിക്കുകയാണ് .
സേതുവിനെപോലെ ,
അകലെയുള്ള നഗരത്തിലേക്കുപോകാൻ ആർക്കും ഇപ്പോൾ പുഴകടക്കേണ്ട .
വീട്ടുമുറ്റത്തു മുന്തിയതരം കാറുകളുണ്ട് .എവിടേക്കും
രാജ വീഥികളുണ്ട് .
ഇവിടുത്തെ ഇരുൾ വീണ ഇടവഴികളിലൂടെ എം ടി യുടെ നോവലിലെ മനുഷ്യർ അഞ്ചു സെല്ലിന്റെ ടോർച്ചുമായി പോയിരുന്നത് .
ഇന്ന് ഇതിലെ പോകുന്ന
എല്ലാവരുടെയും പക്കൽ
പലനിറത്തിലും വലുപ്പത്തിലും ഉള്ള റീചാർജ് ടോർച്ചുകളുണ്ട് .
എല്ലാം ..പുറപ്പെട്ടുപോയവർ നാടിനു നൽകിയ സംഭാവനകൾ .
ഇതിൽ , തുടക്കത്തിൽ പറഞ്ഞ എം ടി യുടെ കർക്കിടകം എന്ന കഥയിലെ ഉണ്ണിയെ പോലെ സ്വന്തം വീട്ടില്‍ ഒരു പിടിച്ചോറിനായി ഒരു കുട്ടിയും ഇന്നു കാത്തിരിക്കുന്നില്ല .
വിശപ്പും ദാരിദ്ര്യവും ഗൾഫ് പണം വന്നതോടെ പടികടന്നു പോയിരിക്കുന്നു .
പകരം ഭക്തിയും വിശ്വാസവും വല്ലാണ്ടങ്ങു കൂടിയിരിക്കുന്നു .
ഭക്തിയേക്കാൾ മനുഷ്യന് വലുത് വിഷപ്പും ദാരിദ്ര്യവുമായിരുന്നു എന്ന് എം ടി 50 വർഷം മുമ്പ് എഴുതി സംവിധാനം ചെയ്ത നിർമ്മാല്യത്തിലൂടെ പറഞ്ഞത് നമുക്ക് ഇത്തരുണത്തിൽ ഓർമ്മിക്കാം .
ക്ഷയിച്ചു നിലം പൊത്താറായൊരു അമ്പലത്തിൽ ഭഗവതിയെ നിത്യവും പൂജിക്കുന്ന വെളിച്ചപ്പാടിന്റെ ഭാര്യ കുട്ടികളുടെ വിശപ്പടക്കാനുള്ള കാശിനായി അന്യപുരുഷന് ശരീരം വിൽക്കുന്ന ഒരു സന്ദർഭം ദേശീയ അവാർഡ് നേടിയ ഈ ചിത്രത്തിലൂണ്ട് .
പട്ടിണി കിടന്ന് ദേവീ പൂജ ചെയ്യാനാവില്ലെന്ന് പറഞ്ഞു ആ ജോലിയുപേക്ഷിച്ചു പോകുന്നൊരു പൂജാരിയെയും നിർമ്മാല്യത്തിൽ കാണാം .
ഈ സിനിമയിൽ അന്നത്തെ ചെറുപ്പക്കാരെ പ്രതിനിധീകരിക്കുന്ന സുകുമാരന്റെ കഥാപാത്രം ഇങ്ങനെ പറയുന്നുണ്ട് .
” ജോലിയുടെ രൂപത്തിലാണ് ഞാൻ ദൈവത്തെ പ്രതീക്ഷിക്കുന്നത് ” എന്ന് .
ഇന്നും ജോലിയെന്ന ദൈവത്തെ തേടി യുവാക്കൾ കൂട്ടത്തോടെ വിദേശരാജ്യങ്ങളിലേക്ക് പോകുന്നതാണ് നാം കാണുന്നത് .
ഇനി , കാലം നോവലിലെ സേതുവിലേക്കു ഒരിക്കൽ കൂടി മടങ്ങിവരാം .
സേതു സ്വന്തം നാടുവിട്ടുപോയത് വലിയ ആളായി മടങ്ങി വരാനാണ് .
പക്ഷേ സ്വാർത്ഥ മോഹങ്ങളെ താലോലിച്ചു കഴിഞ്ഞ സേതുവിന് ജിവിതം ഒരു പരാജയമായിരുന്നു .
സേതുവിന്റെ സാഹചര്യങ്ങളിൽ നാടുവിട്ടു ഗൾഫിലേക്ക് പോയ ലക്ഷക്കണക്കായ ആളുകളുടെ ജിവിതം എങ്ങനെയായിരുന്നു ?
വിജയമോ പരാജയമോ ?
ഒരു കാര്യം ഉറപ്പാണ് .
പക്ഷേ അവരാരും സ്വാർത്ഥരായിരുന്നില്ല .
മറ്റുള്ളവർക്കുവേണ്ടിയാണ് ജീവിച്ചത് .
നേടുന്നതെല്ലാം മറ്റുള്ളവർക്ക് കൊടുത്തു .
ഇപ്പോഴും കൊടുത്തുകൊണ്ടേ യിരിക്കുന്നു .
എന്നാൽ സേതുവിനെ പ്പോലെ ഒന്നുമാവാതെ മടങ്ങിവന്നവരുമുണ്ട് .
കൊറോണക്കാലത്തായിരുന്നു കൂട്ടത്തോടെയുള്ള ആ മടക്കം .
പോയ ആളുകൾ കൂടുതലും മലപ്പുറം ജില്ലയിൽ ഉള്ളവരായിരുന്നു എന്നപോലെ മടണ്ടിവന്നവരിലും അവരായിരുന്നു കൂടുതൽ .
100 വീട് എടുത്താൽ 35 വീടുകളിലും തിരിച്ചു വന്നവരാണുള്ളത് .
മലയാളികളുടെ പ്രവാസ ജീവിതത്തെപ്പറ്റിഇന്നും നമുക്ക് നല്ലൊരു കൃതിയില്ല .
ഗൾഫിലേക്ക് പുറപ്പെട്ടുപോകാനിടയാക്കിയ സാമൂഹിക സാഹചര്യങ്ങൾ എം ടി തന്റെ കൃതികളിലൂടെ എഴുതിവെച്ചു .
അത്രയും നല്ലത്.
എം ടി – എൻ . പി . മുഹമ്മദുമായി ചേർന്നെഴുതിയ അറബിപ്പൊന്നും തിരക്കഥയൊരുക്കിയ വിൽക്കാനുണ്ട് സ്വപ്നങ്ങളും ഗൾഫ് പശ്ചാത്തലത്തിലുള്ള താണെന്നതും ഇവിടെ സ്മരിക്കട്ടെ .
മലയാളമണ്ണും മലയാള ഭാഷയും ഉള്ളകാലമത്രയും നിലനിൽക്കുന്ന
എം ടി എന്ന രണ്ടക്ഷരത്തിനുമുന്നിൽ മുഴുവന്‍ ഗൾഫ് മലയാളികളുടെയും പേരിൽ ആദരം അർപ്പിക്കുന്നു.
എൻ.എം. നവാസ്