മാവേലി സ്റ്റോറിലും സപ്ലൈകോയിലും
വിലക്കുറവിൽ കിട്ടുന്ന സാധനങ്ങൾ വാങ്ങാൻ വരി നിൽക്കുന്നവരിൽ ഗൾഫ് പണംകൊണ്ട് ജീവിക്കുന്ന കുടുംബാംഗങ്ങൾ ഉണ്ടാവാറുണ്ടോ?
എന്താണിപ്പോൾ ഇങ്ങനൊരു ചോദ്യം എന്നാകും ഇതു കേൾക്കുന്നവരിൽ പലരുടെയും വിചാരം .
വിലക്കയറ്റം കൊണ്ട് ജിവിതം ദുസ്സഹമായിത്തീർന്ന ഒരവസ്ഥയിലൂടെ കേരളം കടന്നുപോകുമ്പോള്‍ ഗൾഫ് പണത്തെ ആശ്രയിച്ചു ജീവിക്കുന്ന ലക്ഷക്കണക്കിനുവരുന്ന കുടുംബങ്ങളും അതില്‍ പെട്ടു കിടക്കുകയാണെന്ന് അറിയുക .
ഗൾഫ്കാരന്റെ ഇരുനില വീടും പോർട്ടിക്കോവിലെ കാറും സുഭിക്ഷമായ ജീവിതത്തിന്റെ അടയാളമായി കണ്ടിരുന്നകാലത്തുനിന്
കാര്യങ്ങൾ പാടെ മാറിയിരിക്കുന്നു .
പുറമെ കാണുന്ന വലിയ ഗേറ്റിനും മതിലിനും ഉള്ളിലെ ജിവിതം കുറച്ചേറെ ഞെങ്ങിയും ഞെരുങിയുമാണ് നീങ്ങുന്നത് .
ഗൾഫ് മലയാളികളിൽ തന്നെ യുണ്ട് ഇടത്തരക്കാരും സാധാരണക്കാരും .
ഇത്ര കാലം ഗൾഫിൽ പോയിനിന്നിട്ട് നീ എന്തുണ്ടാക്കി എന്ന കുറ്റബോധം തരുന്ന ചോദ്യം ഒഴിവാക്കാൻ കൂടിയാണ് ഈ വിഭാഗക്കാർ എങ്ങനെയും വീടുവയ്ക്കുന്നത് .
തങ്ങളെ സംബന്ധിച്ചു വീട് ഒരിക്കലല്ലേ വയ്ക്കാൻ കഴിയൂ . അതുകൊണ്ട് ആഗ്രഹം എത്ര ഒതുക്കിയാലും അത് വച്ചുവരുമ്പോൾ ഇത്തിരി വലുതായി മാറും . മിക്കവാറും ഇരു നിലയായിത്തീരും .
അത് പൂർത്തിയയായി വരുമ്പോഴേക്കും
ഇനി എത്രകാലംകൂടി പ്രവാസിയായി കഴിഞ്ഞാലാണ് വീടുവച്ച കടം തീരുകയെന്ന എന്ന ഉത്തരമില്ലാത്ത ചോദ്യം അവരെ പിടിമുറുക്കിയിരിക്കും .
ഈ വീടിന്റെ വലിപ്പവും ഗെയിറ്റും ചുറ്റുമതിലും കണ്ടാണ് സമ്പന്നരുടെ ഗണത്തിൽ ഇവരെയും പെടുത്തുന്നത് .
സമൂഹം ചാർത്തിത്തന്ന ഈ പ്രതിച്ഛായ തിരുത്താൻ
അഭിമാനികളായ ഇവർ കഴിവതും തുനിയുകയുമില്ല .
ഈ അവസ്ഥയിൽ സർക്കാർ ആനുകൂല്യങ്ങൾ ഓണം പോലുള്ള വിശേഷാവസരങ്ങളിൽ കിട്ടുന്നവരുടെ ലിസ്റ്റിൽ ഇവർ പെടാതെയും പോകുന്നു .
സമൂഹം മേൽത്തട്ടുകാർ എന്നു മുദ്രകുത്തിയ ഈ ഗൾഫ്‌കുടുംബങ്ങളുടെ റേഷൻ കാർഡുകൊണ്ട് മാവേലിസ്റ്റോറിലും സപ്ലെ കോയിലും പോയി സാധനം വാങ്ങുന്നത് ഇവരേക്കാൾ കൂടിയ വരുമാനത്തിൽ കഴിയുന്ന അയൽക്കാരാണ് .
വിലക്കയറ്റം രൂക്ഷമായതോടെ റേഷൻ കാർഡു കടംവാങ്ങാൻ എത്തുന്ന അയൽക്കാരുടെ എണ്ണം കൂടുന്നുമുണ്ട് .
പക്ഷേ സപ്ലൈകോയിലും ഇപ്പോൾ സാധനങ്ങളൊന്നും കാര്യമായി സ്റ്റോക്കില്ല എന്നത് വേറെ കാര്യം .
ബ്രേക് പൊട്ടിപ്പായുന്ന വിലക്കയറ്റം കൊണ്ട് ജിവിതം ദുസ്സഹമായിത്തീർന്നവരിൽ ഇവിടെ പ്രതിപാദിച്ച ഗൾഫ് കുടുംബങ്ങളും പെട്ടിരിക്കുകയാണ് .
ഇതൊന്നും പുറമേ ആരും ആരെയും
അറിയിക്കുന്നുല്ലെന്നേ ഉള്ളു
ഗൾഫ് കുടുംബങ്ങൾ തമ്മിൽ തമ്മിൽ
കൂടുതലായും ഇപ്പോൾപറയുന്നത് ഇതേപ്പറ്റിയാണ് .
ഗൾഫിലുള്ള മകനോടോ ഭർത്താവിനോടോ ആയാലും പറയാനുള്ളതും ഈ വിലക്കയറ്റം തന്നെ
മാസാമാസം അയച്ചുകിട്ടുന്ന കാശുകൊണ്ട് 20 ദിവസത്തിനപ്പുറം കഴിഞ്ഞു കൂടാൻ പറ്റുന്നില്ല .
കഴിഞ്ഞ വർഷത്തെ വിലയുമായി തട്ടിച്ചു നോക്കുമ്പോൾ സാധനങ്ങൾക്ക് 150ഉം 200 ശതമാനമാണ് വർധിച്ചിട്ടുള്ളത് .
വിലക്കയറ്റം ബോധ്യപ്പെടാൻ പലവ്യഞ്‌ജന കടയിൽനിന്നും പച്ചക്കറിക്കടയിൽ നിന്നുമൊക്കെ സാധനങ്ങൾ വാങ്ങിയതിന്റെ ബില്ല്
ഗൾഫിലേക്ക് വാട്സാപ്പ് ചെയ്യുന്ന ഭാര്യമാരും
മാതാപിതാക്കളും ഉണ്ടെങ്കിൽ അവരെ കുറ്റം പറയുന്നതെങ്ങനെ ?
ഒരു വർഷം മുമ്പ് 40 രൂപയായിരുന്നു അരിയ്‌ക്ക് 60 രൂപയാണ് വില .
ഭക്ഷ്യാ വശ്യത്തിനുള്ള എല്ലാ സാധനങ്ങളുടെയും വില ഇപ്രകാരമാണ് കൂടിയിരിക്കുന്നത് .
കുടുംബം നടത്തുന്ന പ്രവാസികളുടെ അറിവിലേക്കായി നാട്ടിൽ നിന്ന് അയച്ചുകിട്ടിയ ഒരു ലിസ്റ്റ് ഇവിടെ പറയാം :
വെളിച്ചെണ്ണ കിലോയ്ക്ക്: 150രൂപ.
കുടംപുളി: 190
വറ്റൽ മുളക്: 355
മല്ലി: 130
ചെറുപയർ: 148
കടല: 95
പച്ചമുളക് : 60
ചെറിയ ഉള്ളി: 120
സവോള: 36
നേന്ത്രപ്പഴം: 60
പരിപ്പ്: 198
പപ്പടം 100എണ്ണത്തിന് 200 രൂപ
നാട്ടിലെ ഒരു സാധാരണ കുടുംബത്തിനെന്നല്ല മിഡിൽ ക്ലാസ്സിനുപോലും താങ്ങാനാവുന്നില്ല ഈ വിലവർധനയെന്നാണ് കാണുന്നത് .
അപ്പോൾ അടിസ്ഥാന വരുമാനവുമായി ഗൾഫിൽ കഴിയുന്ന ഒരാൾക്ക് എങ്ങനെയാകും തന്റെ കുടുംബത്തെ പോറ്റാനാകുക ?
പ്രവാസജീവിതം നയിക്കുന്ന താഴ്ന്നവരുമാനക്കാരനായ ഒരു യുവാവിന്റെ വീട്ടില്‍ നിന്നു അയച്ചുകിട്ടിയ ലിസ്റ്റിനുള്ള മറുപടി ഏതാണ്ട് ഇങ്ങനെയാകും :
നാട്ടിൽ വിലകൂടുന്നതനുസരിച്ച് എനിക്കിവിടെ ശമ്പളം കൂടുന്നില്ല .
എല്ലാ മാസവും ഒരേ വരുമാണുള്ളത് .
അതു വച്ച് ഉണ്ടാക്കിയിട്ടുള്ള ഒരു ബജറ്റുപ്രകാരമാണ് ചിലവുനടത്തുന്നത് .
റൂം വാടക ഇത്ര , മെസ്സിന് ഇത്ര , വീട്ടിലേക്ക് അയക്കാൻ ഇത്ര എന്നൊക്കെ അതിലു…
[13:36, 9/7/2023] Navas NM: ഗൾഫിലെ വെയിലിൽ ജീവിത സ്വപ്‌നങ്ങൾ തിളങ്ങുന്നു …
ചൂടുകൊണ്ടു കഠിനമായിത്തീർന്ന ഗൾഫിലെ ഇപ്പോഴത്തെ കാലാവസ്ഥയെ
അനുഭവിക്കേണ്ടിവരുന്ന നിങ്ങൾക്ക് അതിനെ പഴിക്കാൻ തോന്നാറുണ്ടോ ?
അവിടിവിടെയായി അതേപ്പറ്റിയുള്ള പരാതികൾ ഇങ്ങന ഉയർന്നു കേൾക്കാം .
പുറത്തേക്കിറങ്ങാൻ തന്നെ വയ്യ .
റോഡ് ക്രോസ്സ് ചെയ്ത് അപ്പുറത്തു കാണുന്ന റെസ്റ്റോറെന്റിൽ പോയി ഉച്ചയൂണ് കഴിക്കാൻ എന്തൊരു പ്രയാസമാണ്. !
റോഡ് ക്രോസ്സ് ചെയ്യണമെങ്കിൽ സീബ്രാ ലൈനിൽ വാഹനം ഒഴിയണം .
അത്രയും നേരം വെയിലത്തുനിന്നാൽ കരിഞ്ഞു പോകും !
കുറച്ചകലെയുള്ള സൂപ്പർ മാർക്കെറ്റിൽ പോയി സാധനം വാങ്ങാനിറങ്ങിയാലും ഇതാണ് അവസ്ഥ .
വൈകുന്നേരത്തെ നടത്തവും ഇപ്പോൾ നിന്ന മട്ടാണ് . പത്തു ചുവടുവച്ചാൽ തന്നെ വിയർപ്പിൽ മുങ്ങിപ്പോകും .
സായാഹ്നത്തിൽ പാർക്കിൽ പോയി ഇരിക്കാമെന്നുവച്ചാൽ രാത്രി 8- 9 മണിവരെയാണ് ഉച്ചവെയില്‍ കുടഞ്ഞിട്ട ചൂടിന്റെ ബാക്കി തങ്ങിനിൽക്കുന്നത് .
ബീച്ചിൽപോകാമെന്നുകരുതിയാൽ വീശിയടിക്കുന്നതോ …തീ കാറ്റും .
ഹോ ..
എങ്ങനെയും അഞ്ചാറാഴ്ച കൂടി ഒന്നു കഴിഞ്ഞു കിട്ടിയാൽ മതിയായിരുന്നു .
എങ്കിലേ ഈ ചൂടൊന്നു കുറയൂ .
ഇങ്ങനെ പരിതപിക്കുന്നവർ കുറച്ചൊരിട പിറകോട്ടൊന്നു ചിന്തിച്ചു നോക്കൂ ..
മരുഭൂമിയാണ് , ചൂടാണ് എന്നൊക്കെ അറിഞ്ഞിട്ടും എന്തിനാണ് ഇങ്ങോട്ടുവന്നത് ?
തണുത്ത കാലാവസ്ഥയുള്ള എത്രയൊരാജ്യങ്ങളുണ്ട് , വേറെ ?
എന്നിട്ടും നല്ലൊരുജോലിയും ജീവിതവും തേടി എന്തുകൊണ്ട് അങ്ങോട്ടുപോയില്ല ?
വിദേശ രാജ്യങ്ങളെ വിടാം ,
ഇന്ത്യയിൽ തന്നെ ശൈത്യം നിറഞ്ഞ എത്രയോ സ്ഥലങ്ങളുണ്ട് .
നൈനിറ്റാലും മണാലിയും മുതല്‍ കൊടൈക്കനാലും ഊട്ടിയും വരെ അങ്ങനെ എത്രയോ ഇടങ്ങൾ .
പൊരിയുന്ന വെയിലും ചൂടും പ്രശ്നമായവർ എന്നിട്ടും പോയത് അങ്ങോട്ടല്ല , ഇങ്ങോട്ടാണ് , ഗൾഫ് നാടുകളിലേക്ക് .
അതിന്റെ കാരണം തെളിഞ്ഞ പകൽ പോലെവ്യക്തമാണ് :
ചൂടുകാറ്റുവീശുന്ന മരുഭൂമിക്കടിയിലും അതിനെ ചുറ്റിക്കിടക്കുന്ന കടലിന്നടിയിലും പെട്രോളിന്റെ നിധി ഒളിഞ്ഞിരിക്കുന്നുണ്ടായിരുന്നു .
അത് കണ്ടെത്തിയതോടെ മരുഭൂമിക്ക് മുകളിൽ സ്വപ്നംപോലുള്ളൊരു ജീവിതമാർഗ്ഗം ഉയർന്നുവന്നു .
അതിശയകരമായ ആ ജീവിതമാർഗ്ഗത്തിലേക്ക് എത്തിച്ചേരാൻ കഴിഞ്ഞവർക്ക് ഇവിടുത്തെ എത്ര കഠിനമായ ചൂടും സഹനീയമായിരുന്നു .
കാരണം – നമ്മുടെ നാട്ടിൽനിന്ന്
അന്നു വന്നവരൊക്കെയും പട്ടിണിയില്‍ ദഹിച്ചവർ ആയിരുന്നു .
അങ്ങനെയുള്ളവർക്ക് എന്തു വെയില് ?
എന്തു ചൂട് ?
തീ ചൂടിൽ അവര്‍ എങ്ങനെയാണ് ജീവിച്ചതെന്ന് , വെയിലിനെ ഭയന്ന് പുറത്തിറങ്ങാതെ എ സി യുടെ തണുപ്പിലിപ്പോൾ പതുങ്ങിയിരിക്കുന്നവർക്ക് അറിയില്ല .
അന്ന് എയര്‍ കണ്ടീഷണറോ എയർ കൂളറോ വന്നിട്ടില്ല .
ഇപ്പോൾ കാണുന്നത് പോലുള്ള ബിൽഡിങ്ങുകളൊന്നുമില്ല .
മൺ ചുവരുകൾക്കുമുകളിൽ ഈത്തപ്പന ഓലകൊണ്ടോ തകരഷീറ്റുകൊണ്ടോ മേലാപ്പിട്ട വീടുകളാണ് അധികവും .
ഓഫീസുകളും ഷോപ്പുകളുമായി ചെറിയ കോൺക്രീറ്റ് കെട്ടിടങ്ങളൊക്ക വന്നു തുടങ്ങിയിട്ടേയുള്ളൂ .
അറുപതുകളിൽ പത്തേമാരികളിലും എഴുപതുകളുടെ തുടക്കത്തിൽ ബോംബെയിൽ നിന്നു കപ്പലിലും മലയാളികൾ ഇവിടെ ഭാഗ്യം തേടി വന്നകാലത്തെ കാര്യങ്ങളാണ് ഈ പറയുന്നത് .
തല ചായ്ക്കാൻ ഒരു സ്ഥിര താവളം ഉറയ്ക്കാതെ അലയുന്ന ആസമയങ്ങളിലെ വേനൽക്കാലരാത്രികൾ അവര്‍ കടത്തിവിടുന്നത് മിക്കവാറും കടലോരങ്ങളിലാണെന്നാണ് പഴമക്കാർ പറയുന്നത് .
രാവും പകലും ചൂടുനിറയുന്ന വേനൽക്കാലത്ത് അൽപ്പം കാറ്റുകൊണ്ടു കിടക്കാൻ കഴിയുന്നത് അവിടെയാണ് .
ചൂടുകുറക്കാൻ ചാക്ക് കടലിൽ മുക്കിപ്പിഴിഞ്ഞ് അതിന് മുകളിൽ കിടന്നവരുണ്ട് .
കടൽക്കാറ്റിൽ ചാക്ക് ഉണങ്ങുമ്പോൾ വീണ്ടും മുക്കിപ്പിഴിഞ്ഞ് അതിനുമേൽ കിടക്കും .
എങ്ങനെയും നേരം പര പരാ വെളുപ്പിച്ചെടുക്കും . വെട്ടം വീണാൽ ജോലി തേടി ഇറങ്ങലാണ് . ജോലി കിട്ടിയവർ ജോലി സ്ഥലത്തേക്ക് പോകും .
വേനൽ കാലമായാൽ രാവിലെ ഏഴുമണിക്ക് തന്നെ വെയിൽ വിശ്വരൂപം കാട്ടിത്തുടങ്ങും .
പട്ടിണിയും ദാരിദ്ര്യവും ഇല്ലാതാവുന്ന പുതിയൊരു ജീവിതത്തിന്റെ വഴിതേടിനടന്നവരാരും വെയിലിനെ കാര്യമാക്കിയില്ല എന്നതാണ് സത്യം .
തണലിന് ഇത്തിരിപോലും ഇടമില്ലാതിരുന്ന അക്കാലത്തു വെയിലേറ്റുള്ള ജിവിതം ഒരു സാധാരണ കാര്യമായിരുന്നു .
പെട്രോളിന്റെ കണ്ടെത്തലോടെ പുരോഗതിയുടെ ഗതിവേഗങ്ങളിലായി ഗൾഫ് നാടുകൾ .
എവിടെനോക്കിയാലും നിർമ്മാണ പ്രവർത്തനങ്ങൾ .
റോഡ് , പാലം , കെട്ടിടങ്ങൾ ..
ജല – വൈദുതി നിലയങ്ങൾ ..
ഒരു പുതുലോകത്തിന്റെ പിറവികുറിച്ച ,
രാപ്പകൽ നിലക്കാതെ തുടർന്ന ഈ നിർമ്മാണ പ്രവർത്തനങ്ങൾ , ഇവിടെ എത്തിയവർല്ലാം ജോലി നൽകി .
മിക്കവാറുമുള്ള ജോലിയെല്ലാം വെയിലത്തായിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ .
ലക്ഷക്കണക്കിന് മനുഷ്യർ തീ ചൂളയിൽ നിന്നു ജോലി ചെയ്തിട്ടാണ് ഇക്കാണുന്ന കെട്ടിടങ്ങളും റോഡുകളുമെല്ലാം ഉയർന്നു വന്നത് .
ഇന്ന് എ സി കാറിൽ ഇതേ റോഡിലൂടെ യാത്ര ചെയ്യുന്നവർ അന്ന് വെയിലേറ്റ് പണിയെടുത്തവരെ എപ്പോഴെങ്കിലും ഓർമ്മിച്ചിട്ടുണ്ടോ , ആവോ ?
ഗൾഫ് നാടുകളിൽ വെയിൽകൊണ്ട പല തലമുറകള്‍ സ്വരൂപിച്ച സമ്പത്താണ് പട്ടിണിയും ദാരിദ്ര്യവും ഇല്ലാത്തൊരു കേരളത്തെ സൃഷ്ട്ടിച്ചത് .
സാധാരണ വീടുകൾ മാറി എയർ കണ്ടീഷൻ ചെയ്ത ആഡംബര ഭവനങ്ങളാണ് കുറച്ചു നാളായി ഗൾഫ് മലയാളികളുടേതായി ഉയരുന്നതൊക്കെയും .
ആ വീടുകളിലെ ഓരോ എയർ കണ്ടീഷണറും തൂവുന്ന തണുപ്പിന് കടപ്പെട്ടിരിക്കുന്നത് ഗൾഫ് നാടുകളിൽ വെയിൽ കൊണ്ടവരോടാണ് .
അവര്‍ കാലങ്ങളായി വെയിലത്തൊഴുക്കിയ വിയർപ്പിന്റെ വിലയാണ് നാട് അനുഭവിക്കുന്ന തണുപ്പ് .
ഗൾഫിലെ ശീതീകരിച്ച മുറികളിലിരുന്നു ജോലി ചെയ്തു ജീവിച്ചവർ തങ്ങളുടെ കാർപാർക്കിങ്ങിലേക്കോ ബസ്റ്റോപ്പിലേക്കോ അടുത്ത ഭക്ഷണശാലയിലേക്കോ മറ്റോ പോകാൻ വെയിൽ കൊള്ളേണ്ടി വരുന്ന ഏതാനും നിമിഷങ്ങളെ പഴിക്കുമ്പോൾ ഇവിടെപ്പറഞ്ഞ പൂർവികരെ ഒന്നും ഓർത്തില്ലെങ്കിലും ഇപ്പോഴും കൺമുമ്പിലുള്ള അത്തരക്കാരെ ഒന്നു കാണൂ ..
അതെ …നമ്മുടെ കൺമുമ്പിൽ ഇപ്പോഴും അങ്ങനെ ജോലി ചെയ്യുന്നവരുണ്ട് .
പെട്രോൾ പമ്പിലും വർക്ക് ഷോപ്പിലും റോഡ് ക്‌ളീനിംഗിലും ലോഡിങ് – അൺ ലോഡിങ്ങിലും ഹോം ഡെലിവറി രംഗത്തുമൊക്കെ പണിയെടുക്കുന്നവർ .
അവരെ ഒന്നു ശ്രദ്ധിക്കൂ :
ഏ സിയില്‍ തണുപ്പിച്ച നമ്മുടെ വണ്ടിക്കു പെട്രൊൾ നിറക്കുന്നവർ അവരുടെ ജോലിസമയം മുഴുവനും നിൽക്കുന്നത് ചൂടുള്ള തുറസ്സായ സ്‌ഥലത്താണ് .
വഴിവക്കിലെ വർക്ക് ഷോപ്പുകളിൽ നമ്മുടെ വാഹനങ്ങളുടെ കുഴപ്പങ്ങൾ തീർത്തു തരുന്നവരുടെയും അവസ്ഥ അതുതന്നെ .
ഇക്കൂട്ടരിൽ ഏറ്റവുമധികം വെയില്കൊള്ളുന്നത് ഹോം ഡെലിവറി ബോയ്സ് ആണ് . വേനൽക്കാലത്തു പൊള്ളുന്ന അന്തരീക്ഷത്തിനും ചുട്ടുപഴുത്ത റോഡിനുമിടയിലാണ് അവരുടെ ജിവിതം .
നമ്മുടെ എ സി മുറിയിൽ അവര്‍ ഭക്ഷണവും ഗ്രോസറി സാധനങ്ങളും എത്തിക്കുമ്പോൾ അവർ കൊണ്ട അസഹ്യമായ ചൂട് നമ്മൾ അറിയുന്നില്ല .
അല്ലെങ്കിൽ അവര്‍ നമ്മളെ ഒരിക്കൽപോലും അറിയിക്കുന്നില്ല .
ഒരു വിഭാഗം ആളുകൾ ഇങ്ങനെ നമുക്കുചുറ്റും വാടിക്കരിഞ്ഞു കഠിനമായി ജോലിചെയ്യുമ്പോൾ നാം നമ്മുടെ ആവശ്യങ്ങൾക്ക് ഇത്തിരി വെയിൽ കൊള്ളേണ്ടിവരുമ്പോൾ ” ഹോ ” എന്നു അസഹ്യതയോടെ തലകുടയുന്നതിൽ ഇത്തിരി ആത്മവഞ്ചനയില്ലേ എന്നൊന്ന് സ്വയം ചോദിച്ചു നോക്കൂ .
വേനൽക്കാലത്ത് ഇത്ര ഡിഗ്രി സെൽഷ്യസിൽ കൂടുതൽ താപനില ഉയർന്നാൽ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികളുടെ ജോലി സമ്മയം ക്രമീകരിച്ചുകൊണ് സർക്കാർ അവർക്കു പരിരക്ഷ ഒരുക്കുന്നത് എത്ര മനുഷ്യത്വ പരമായ കാര്യമാണെന്ന് ഇവിടെ ഓർമ്മിക്കാം .
നാം മറിച്ചൊന്നു ചിന്തിച്ചാൽ ഗൾഫിലെ ചൂട് കാലാവസ്ഥയെ ഒരനുഗ്രഹമായി നമുക്ക് കാണാനാകും .
ഇവിടെ രോഗാവസ്ഥ ഏറ്റവും കുറഞ്ഞിരിക്കുന്നത് വേനൽക്കാലത്താണ് .
ഈ നാടിന്റെ തനതു കാലാവസ്ഥ ഇതാണ് എന്നതാവാം അതിനു കാരണം .
ഇവിടേ ഒരു കാലം വരെ മനുഷ്യർ ജീവിച്ചത് മരുഭൂമിയുടെ കരങ്ങളിലാണ് .
അതിന്റെ ആലിംഗനത്തിലാണ് .
ഈന്തപ്പന പൂക്കുന്നതും കായ്ക്കുന്നതും ഈ ചൂടിലാണ് .
ഒരു വലിയ കാലമത്രയും ഒരു പരിധിവരെ ഇവിടെ മനുഷ്യരെപോറ്റിയത് പോഷക സമൃദ്ധമായ ഈത്തപ്പഴവും വെയിലിൽ ഉണക്കിസൂക്ഷിച്ച മത്സ്യ സമ്പത്തുമായിരുന്നു .
മലയാളികളെ സംബന്ധിച്ചും ഗൾഫ് നാടുകളിലെ വെയിൽ അനുഗ്രഹമായിട്ടേയുള്ളൂ .
ഇതൊരു ശൈത്യ മേഘലയായിരുന്നുവെങ്കിൽ ,
അടിത്തട്ടിൽ എണ്ണക്കിണറുകൾ നിറഞ്ഞ മരുഭൂവും ഉൾക്കടലുമുള്ള ഉഷ്ണമേഖലയല്ലായിരുന്നുവെങ്കിൽ നാം ഇവിടേക്ക് ആകർഷിക്കപ്പെടില്ലായിരുന്നുവല്ലോ .
അപ്പോൾ , അടിവരയിട്ടുതന്നെ പറയാം :
ഇവിടുത്തെ വെയിലിലാണ് ലക്ഷക്കണക്കിന് മലയാളികളുടെ സ്വപ്‌നങ്ങൾ തിളങ്ങിയത് .
ഇരുണ്ട് പോകുമായിരുന്ന ജീവിതത്തിന് വെളിച്ചം കിട്ടിയത്.
- എൻ.എം. നവാസ്