പ്രവാസത്തിനു വയസ്സായാൽ ജീവിതത്തിനു പുറത്താകും (ചെറുപ്പക്കാർക്ക് ഒരു മുൻകരുതൽനല്ലതാണ്)

arabian-sea.com

ഗൾഫ് നാടുകളിൽ 35 ഉം 40 വർഷം ജോലിചെയ്ത് ഒടുവിൽ പ്രായാധിക്യത്തിന്റെ അവശതയുമായി
നാട്ടിലേക്ക് മടങ്ങിയ, മടങ്ങിക്കൊണ്ടിരിക്കുന്ന ഒരു വലിയ വിഭാഗമുണ്ട്. 55ഉം 60 ഉം 65ഉം വയസ്സുകഴിഞ്ഞ ഇവരുടെ എണ്ണം അത്ര ചെറുതല്ല. ഇനിയുള്ള കാലം ജനിച്ചു വളർന്ന നാട്ടിലും സ്വന്തം വീട്ടിലും സ്വസ്ഥമായും സന്തോഷമായും ജീവിക്കാം എന്ന ഉറപ്പോടെയാണ് ഇവർ വിസ ക്യാൻസൽ ചെയ്ത് മടക്കയാത്രയ്ക്ക് പെട്ടികെട്ടുന്നത്.

വർഷം തോറുമോ രണ്ടുവർഷം കൂടുമ്പോഴോ വിരുന്നുകാരനെപ്പോലെവന്നു പോയ വീട്ടില്‍,
ശരിക്കൊന്നു ജീവിച്ചു കൊതിതീരാത്ത താൻ പണിത വീട്ടില്‍, അയാൾ സ്ഥിരതാമസത്തിനെത്തുന്നത് നിറമനസ്സോടെയാകും. ഒത്തിരി സങ്കൽപങ്ങളോടെയാകും.

വീഡിയോക്കോളിലൂടെ കണ്ടു സംസാരിച്ചുപോന്ന ഭാര്യയുമായും മക്കളുമായും മരുമക്കളുമായും തൊടാവുന്നത്ര അടുത്തിരുന്ന് ഇനി നിത്യവും സംസാരിക്കാം. ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാം.
അവരുമായി കളിതമാശകൾ പറഞ്ഞിരിക്കാം.

ഇങ്ങനെയെല്ലാം, നഷ്ട്ടപ്പെട്ടതൊക്കെയും തിരികെ കിട്ടുന്നതിന്റെ
കുളിരുകോരുന്ന എത്രയെത്ര കിനാക്കളുമായിട്ടാകും അവര്‍ തിരികെ വന്നിട്ടുണ്ടാവുക!

തുടക്കത്തിൽ ഏതാണ്ടൊക്കെ ഇവരുടെ ധാരണക്കൊത്താവും കാര്യങ്ങൾ പോവുക.
എന്തിലും ഒരു പുതുമ കാണാനാകുന്നു. അവധിക്കു വന്നിരുന്ന സമയങ്ങളിലേതുപോലെ ഒന്നും തിടുക്കപ്പെട്ടു ചെയ്യേണ്ടതില്ല. എന്തിനും ഏതിനും ഇനി ഇഷ്ടം പോലെ യാണ് സമയം.
സമയത്തിന്റെ ബന്ധനം ഇല്ലാതായപ്പോൾ ത്തന്നെ എന്തൊരു സുഖമാണ് മനസ്സിന്.
ഇഷ്ട്ടമുള്ളപ്പോൾ ഉറങ്ങാം ഇഷ്ടമുള്ളപ്പോൾ ഉണരാം.

കുടുംബം ഒന്നാകെ തന്റെ കാര്യങ്ങൾ ശ്രദ്ധിക്കുന്നു. പുറത്തിറങ്ങിയാൽ കാണുന്ന ആളുകളൊക്കെയും എന്നേക്കുമായുള്ള തന്റെ മടങ്ങിവരവിനെ ‘നല്ലതീരുമാനം’
എന്ന് അഭിനന്ദിക്കുന്നു.
എല്ലാം കൊണ്ടും സുന്ദരമായൊരു ജീവിതത്തിലേക്ക് ലാൻഡ് ചെയ്യപ്പെട്ടതിന്റെ പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തിന്റെ നാളുകൾ…

എന്നാൽ പോകെപ്പോകെ ഇതിനൊക്കെയും മങ്ങലേൽക്കാൻ തുടങ്ങും.
കുടുംബത്തിൽ നിന്നുതന്നെയാകും അസ്വാരസ്യത്തിന്റെ ആരംഭം.
വീട്ടിലെ പലകാര്യങ്ങളിലും താൻ ഇടപെടാൻ തുടങ്ങുന്നതോടെയാകും
അത്‌ സംഭവിക്കുക.

ടീനേജ് കാരനായ ഇളയ മകൻ ഉച്ചത്തിൽ പട്ടുവയ്ക്കുന്നതിനെ വിലക്കിയാൽ…
പുതിയ സിനിമ ആദ്യ ഷോ തന്നെ കാണാൻ തിടുക്കപ്പെട്ട് ഓടുന്നതിനെ അമ്പരപ്പോടെ കണ്ടാൽ,
ഏതുനേരവും കതക് അടച്ചിട്ടു ബോബൈൽ ഫോണിൽ നീ ആരോടാണ് സംസാരിക്കുന്നതെന്നു ദേഷ്യപ്പെട്ടാൽ

പഠനം കഴിഞ്ഞു തൊഴിൽ ഒന്നുമാവാതെ നിൽക്കുന്ന മറ്റൊരു മകനെ പുറത്തേക്കു കൂട്ടിക്കൊണ്ടുപോകാൻ
ബൈക്കുകളിൽ വരുന്ന കൂട്ടുകാരോട് എവിടെയാണ്‌ നിങ്ങൾ എല്ലാ ദിവസവും ഈ പോകുന്നത് എന്നു ഒന്നോ രണ്ടോ തവണയിൽ കൂടുതൽ ചോദിച്ചാൽ ഒക്കെയും പ്രശ്നങ്ങൾ ആയി മാറുന്നു.

ഇതുവരെ അനുഭവിച്ചു പോന്ന സ്വാതന്ത്ര്യത്തിന് ഭംഗം നേരിടുന്നതിന്റെ
അസ്വസ്ഥതയോടെ യാകും മക്കൾ
പിന്നെ അച്ഛനെ കാണുക.

എന്തിനാണ് ഇങ്ങനെ അച്ഛൻ , അല്ലെങ്കിൽ ഉപ്പ സിറ്ഔട്ടിൽ വന്നിരുന്ന്
എപ്പോഴും എന്റെ ഫ്രണ്ട്സിനെ ക്വസ്ട്യൻ ചെയ്യുന്നത് .
ഇതു വളരെ മോശമാണെന്ന് അമ്മ , അല്ലെങ്കിൽ ഉമ്മ പറഞ്ഞു മനസ്സിലാക്കാണം എന്നാകും കുട്ടികളുടെ ഇതിനോടുള്ള പ്രതികരണം .

പിന്നെ ഭാര്യ ഭർത്താവിന് ക്‌ളാസ്സുകൊടുക്കലാണ് ,
ദാ ..ഇങ്ങന :
ഇപ്പോഴത്തെ കുട്ടികളോട് അങ്ങൊന്നും പറയരുത് . അവർക്ക് ഓരോന്നിനും അവരുടേതായ ഒരിഷ്ടമുണ്ട് .
അവരങ്ങനെയെപോകൂ .
നിങ്ങളിവിടെ ഉണ്ടാവാണ്ടിരുന്നതോണ്ട്
കാലോം കോലോം മാറിയത് അറിഞ്ഞില്ല.
അതോണ്ടാണ് നിങ്ങൾഇങ്ങനൊക്കെ പറേന്നത്”

ചിരിക്കണോ അതോ പൊട്ടിത്തെറിക്കണോ എന്ന്‌ അറിയാതെ പോയ ഇങ്ങനൊരു നിമിഷത്തെ അയാൾ മുമ്പ് അഭിമുഖീകരിച്ചിട്ടുണ്ടാവില്ല .

കുട്ടികളല്ല , താനാണ് കുറ്റക്കാരൻ …
പ്രശ്നക്കാരൻ എന്ന ആ തിരിച്ചറിവിൽ ,
അയാൾ ആന്തരികമായി തകർന്നിട്ടുണ്ടാവും .
അതിനു കാരണമായി ഭാര്യ ആ പറഞ്ഞത്
” നിങ്ങളിവിടെ ഉണ്ടാവാതിരുന്നത് കൊണ്ട് കാലവും കോലവും മാറിയത് അറിഞ്ഞില്ല ” എന്ന ആ വാക്യം ഒരമ്പായി തുളഞ്ഞു കയറിയിട്ടുണ്ടാവും .

അപ്പോൾ സ്വയം ചോദിച്ചുപോകും :
ഗൾഫിൽ ഇത്രകാലം ജീവിച്ചത് ഒരു കുറ്റമാണോ ?
നാട്ടിൽ ഉണ്ടാവാതെ പോയതും കാലത്തിനും അതിന്റെ കോലത്തിനും ഒപ്പം സഞ്ചരിക്കാൻ ആവാതെ പോയതും ഒരു കുറ്റമാണോ ?
അങ്ങനെയെങ്കിൽ ആ വലിയ തെറ്റിന്റെ വിലയില്ലല്ലേ മറ്റുള്ളവരുടെ ജിവിതം പുഷ്ടിപ്പെട്ടത് ?

ഓലപ്പുരയുടെ സ്ഥാനത്ത് ഉയർന്നു വന്ന ഇരുനിലവീടും ഒരല്ലലും അറിയിക്കാതെ കുടുബംനോക്കിയതും ആവുന്നത്ര വിദ്യാഭ്യാസം കുട്ടികൾക്ക് നല്കാൻ ആയതും
ഓരോ തവണ വരുമ്പോഴും അവര്‍ പറയുന്നതൊക്കെ വാങ്ങിക്കൊടുക്കാൻ
കഴിഞ്ഞതും 40തോളം വർഷം നാടുവിട്ടു ജീവിച്ചതുകൊണ്ടാണല്ലോ ?

ഇപ്പോൾ അതേ കുട്ടികൾക്കുവേണ്ടി അമ്മ പറയുന്നു അച്ഛൻ കുട്ടികളുടെ കാലത്തിനു ചേരാത്ത ആളായി മാറിയെന്ന് !
അതിൽപിന്നെ കുട്ടികളുടെ ജീവിതരീതിയിൽ കാണുന്ന അരുതായ്മകളെ ചോദ്യം ചെയ്യാൻ ഗൾഫ് റിട്ടേണിയായ പിതാവ് മടിക്കുകയാവും ഉണ്ടാവുക .
ചോദ്യം ചെയ്താൽ കിട്ടുന്ന മറുപടി വീട്ടിലെ തന്റെ വില കളയുമോ എന്നൊരു ഭയം അയാളെ പിടി കൂടിയിട്ടുണ്ടാകും .

പിന്നെ അയാൾക്ക് ആശ്രയിക്കാനും അടുപ്പം കൂടാനുമുള്ളത് ഭാര്യയാണ് .
വർഷത്തിൽ ഒരിക്കലോ രണ്ടുവർഷം കൂടുമ്പോഴോ വന്നുപോകുന്നതിനിടയിൽ ഒന്നോ രണ്ടോ മാസമാകും ഭാര്യയുമൊത്തു കഴിഞ്ഞിട്ടുണ്ടാകുക .

കല്യാണം കഴിഞ്ഞിട്ട് 30 വർഷമായെങ്കിൽ ഈ പ്രവാസ ജീവിതത്തിനിടയിൽ ആകെ ഭാര്യയുമായി ജീവിച്ചത് 60 മാസം .
അല്ലെങ്കിൽ 30 മാസം .
ഇതൊരു ജീവിതമല്ലെന്ന് ഇരുവർക്കും മനസ്സാ അറിയാമായിരുന്നു .

ഗൾഫ് ജിവിതം മതിയാക്കി മടങ്ങുമ്പോൾ
ഏറ്റവുമധികം സമാധാനിച്ചത് അവധികഴിഞ്ഞു തിരിച്ചുപോകുമ്പോൾ ഉണ്ടാകുന്ന ചങ്കുപറിയുന്ന വേദന ഇനി അനുഭവിക്കേണ്ടി വരില്ലല്ലോ എന്നോർത്താണ് .

എന്നാൽ ഒന്നിച്ചു കിട്ടിയ ജീവിതത്തിൽ തളിർത്ത പ്രതീക്ഷകൾ പലതും പിഴക്കുകയാവും പലരുടെയും ജീവിതത്തിൽ സംഭവിച്ചിട്ടുള്ളത് .

അവധിക്കു വന്നിരുന്നപ്പോൾ കിടപ്പുമുറിയിൽ കണ്ടിരുന്ന പരിചരണവും
പരിഗണയുമല്ലല്ലോ പങ്കാളിയിൽനിന്നും
കിട്ടുന്നത് എന്നൊരു തോന്നൽ ദിവസങ്ങൾ കടന്നുപോകുന്നതിനൊത്ത് അയാളിൽ ബലപ്പെടുന്നു .

ഓരോ അവധിക്കാലം കഴിയുംതോറും കിടപ്പറയിൽ
ഊർജ്ജം തിരി താഴ്ത്തിയിരുന്നതൊന്നും അപ്പോൾ ശ്രദ്ധിച്ചിരുന്നില്ല എന്നതാണ് വാസ്തവം .
കാണാതിരുന്നു കാണുമ്പോഴുള്ള മതിമറന്ന ആവേശത്തിലും അനുഭൂതിയിലും എല്ലാം തൃപ്തികരമെന്ന്
തോന്നിയിരുന്നു .

രണ്ടുപേരും ഏതാനും ദിവസങ്ങൾക്കുള്ളിൽ രണ്ടുവഴിക്കാകുമെന്ന സത്യത്തിന്മേലുള്ള
അനുഭാവം സൃഷ്ട്ടിക്കുന്ന കൃത്രിമ രസനീയതയിൽ ആണ് ഏറ്റവും ഒടുവിലത്തെ വർഷങ്ങൾ കടന്നുപോയതെന്ന് ഇരുവരും തിരിച്ചറിയുന്നത് സ്ഥിരമായി ഒന്നിച്ചു കഴിയാൻ തുടങ്ങുന്നതോടെയാണ് .

മനസ്സ് ആഗ്രഹിക്കുന്നതെല്ലാം ശരീരം നൽകാതെ വരുമ്പോഴുണ്ടാകുന്ന അവസ്ഥയെ ഇനി പഴിച്ചിട്ടുകാര്യമില്ല .

വിരലുകൾ മീട്ടാനില്ലാതെ തന്ത്രികൾ തുരുമ്പിച്ചുപോയ വീണയിൽ നിന്ന് ഇമ്പമുള്ള നാദം ഉണരില്ല എന്ന യാഥാർഥ്യത്തെ പോകെപ്പോകെ അംഗീകരിക്കേണ്ടി വരുന്നു .

പതിറ്റാണ്ടുകൾ നീണ്ട പ്രവാസത്തിനു വിരാമമിട്ട് മടങ്ങിയെത്തുന്ന ഒരാൾ , തന്റെ ഏറ്റവും വലിയ ജീവിത നഷ്ടമെന്തെന്ന് ഇവിടെ തിരിച്ചറിയുകയാണ് .
എതു പ്രായത്തിലും പുരയിടം വാങ്ങാം
വീടുവയ്ക്കാം . കാർ വാങ്ങാം .
പക്ഷേ എത്ര പണം മുടക്കിയാലും
യൗവ്വനം വിലക്കുവാങ്ങാനാവില്ല .

അതിന്റെ തൃഷ്ണയും തീക്ഷണതയും തീ ജ്വാലയും തിരിച്ചുപിടിക്കാൻ ഇതുവരെയുള്ള ഗൾഫ് സമ്പാദ്യം മുഴുവന്‍ ചിലവഴിച്ചാലും കഴിയുകയില്ല .
അത് തികച്ചും അസാധ്യം .

മുന്നോട്ടുള്ള ജീവിതത്തിൽ അയാൾ ഇതുപോലെയുള്ള പല യാഥാർഥ്യങ്ങളും അറിയുകയാണ് .
പെട്ടികൾ നിറയെ സാധനങ്ങളുമായി ഇടക്കിടെ വന്നുപോകുന്ന പിതാവിനെയാണ് കുട്ടികൾ ഇതുവരെ കണ്ടതും അറിഞ്ഞതും .
അവർക്കു സമ്മാനിച്ച ഫോറിൻ കളിവാച്ചിനും വിലകൂടിയ ബ്രാൻഡഡ് വാച്ചിനുമിടയിൽ അവര്‍ കുട്ടിത്തം വിട്ടു വളർന്നത് പിതാവിന് അറിയാനായില്ല .
അവരുടെ ചിന്താഗതികളെയും ഗ്രഹിക്കാനായില്ല .

അച്ഛന്റെ അഭാവത്തിൽ ബാല്യവും കൗമാരവും പിന്നിട്ട് യൗവനത്തിലേക്ക് പ്രവേശിച്ച മക്കൾക്ക്
അച്ഛന്റെ സ്ഥിരം സാന്നിധ്യത്തോടും നിബന്ധനകളോടും പെട്ടെന്ന്‌ പൊരുത്തപ്പെടുക പ്രയാസമാകും .

ഭാര്യയുടെ മാനസികാവസ്ഥയും ഏറെക്കുറെ ഇതിനു സമാനമായിരിക്കും .
വിവാഹം കഴിച്ചെത്തിയ വീട്ടില്‍ ,
ഭർത്താവ് ഇടക്കിടെ വന്നുപോയ കുറച്ചു മാസങ്ങൾ ഒഴിച്ചാൽ
30 – 35 വർഷങ്ങളായി ഉള്ളിന്റെ ഉള്ളിൽ ഒറ്റക്കായി പോയ ഒരു പെൺ ജീവിതമാണത് .

പ്രസവവും കുട്ടികളെ വളർത്തലും അവരെ സ്കൂളിലും കോളേജിലും അയക്കലും വീട്ടുജോലി ചെയ്യലും ഒക്കെയായി
നല്ലകാലമത്രെയും പൊയ്‌പ്പോയ
ജീവിതത്തിന്റെ ,

കുറച്ചസുഖങ്ങളുമൊക്കെയായി പ്രായത്തിന്റെ 50 കളിലൂടെ കടന്നു പോകുന്നൊരു ജിവിതത്തിന്റെ ,
ശേഷിപ്പിലേക്കാണ് 60 ഓ 65 ഓ കാരനായ ഭർത്താവ് ഗൾഫ് മതിയാക്കി എത്തുന്നത് .

ഇവിടെ ആരാണ് തെറ്റുകാർ ?
ആര് ആരെയാണ് കുററപ്പെടുത്തേണ്ടത് ?
പുറമേ തിളക്കവും അകമേ ഇരുണ്ടനിഴലുകളുമുള്ള പ്രവാസജീവിതത്തിനൊടുവിൽ എഴുന്നു വരുന്ന കുഴപ്പിക്കുന്ന ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തുക പ്രയാസമാണ് .

പത്തേമാരിക്കാലം മുതൽക്കേ പ്രവാസം
ദാമ്പത്യ ജീവിതത്തിനു നല്കിപ്പോന്നത്
ഈ അനുഭവങ്ങളുടെ തനിയാവർത്തനമാണ് .
മഴയും വെയിലും പോലെ സ്വാഭാവികം
എന്ന മട്ടിൽ എല്ലാം സ്വീകരിച്ചു
കഴിഞ്ഞിരിക്കുന്നു ഈ ജിവിതം .
ഇതേക്കുറിച്ചു കൂടുതൽ ചിന്തിച്ചാൽ തന്നെ പേടിയാകും

നാട്ടിൽ സെറ്റിൽ ചെയ്യുന്നവർ നേരിടുന്ന മറ്റൊരു പ്രധാനപ്രശ്നമെന്തെന്നാൽ , തുടർന്നു ജീവിക്കാനുള്ള വരുമാനത്തിന്റേതാണ് .

അതിനായി മുൻകൂട്ടി എന്തെങ്കിലും ചെയ്തിട്ടില്ലെങ്കിൽ , ആരെയെങ്കിലും അതായത് മക്കളെയോ മരുമകളെയോ മാറ്റൊ ആശ്രയിച്ചുകൊണ്ടുള്ള ഒരു ജീവിതസാഹചര്യത്തിലേക്കാണ് പ്രവേശിക്കുന്നതെങ്കിൽ അറിയുക ,
കാത്തിരിക്കുന്നത് സങ്കീർണമായ മാനസിക പ്രശ്നങ്ങളാകും .

മിക്കവാറുമൊക്കെ തുടക്കകാലം സന്തോഷത്തിന്റെയും
സമാധാനത്തിന്റേതും ആയിരിക്കും .
എന്നാൽ മടങ്ങിവരവിന്റെ മധുവിധു കാലം കഴിയുന്നതോടെ കളം മാറാനാണ് സാധ്യത .
ഭക്ഷണം കൊണ്ടുമാത്രം ഒരാൾക്കും തൃപ്തികരമായ ജിവിതം കിട്ടില്ലല്ലോ .
യാത്രയും കൊച്ചുകൊച്ചു പർച്ചേസുകളും
അടുത്തുള്ള ടി ഷോപ്പിൽ പഴയകാല സുഹൃത്തുക്കളുമായിരുന്നു ചായകുടിക്കുമ്പോൾ അവരുടെ കൂടി ക്യാഷ് കൊടുക്കേണ്ടി വരുന്നതും ഒക്കെ ഇടയ്ക്കിടെ ഉണ്ടാകും .
അതിനൊക്കെ ആരാകും പണം നൽകുക .
വീട്ടിലുള്ളവരോട് എപ്പോഴും ചോദിക്കാനാവുമോ ? ഇല്ല .
ആത്മാഭിമാനം അതിനനുവദിക്കില്ല .

ഗൾഫ് കാരനെന്നാൽ കയ്യിലുള്ളതെല്ലാം
മറ്റുള്ളവർക്ക് കൊടുത്തും ചിലവഴിച്ചും ജീവിച്ച ആളാണ് .
അങ്ങനുള്ള ഒരാൾക്ക് മറ്റൊളുകളെ എല്ലാകാര്യങ്ങൾക്കും ആശ്രയിക്കുക എന്നത് മാനസികമായി ബുദ്ധിമുട്ടുള്ള കാര്യമാകും .

താൻ കൈനിറയെ കൊടുത്തവരോടുപോലും കുറച്ചൊരു തുക വായ്പ്പയായിപോലും ചോദിക്കാനാവില്ല .
ചോദിച്ചാൽ അത് ഒരുപാട് ചെവികളിലെത്തും .

“ഇയാൾ ഈ 60 ആം കാലത്തു തിരിച്ചുവരുന്നത് കയ്യും വീശിയാണോ .
പത്തുനാല്പതുകൊല്ലം കിടന്നുണ്ടാക്കിയതൊക്കെ എങ്ങോട്ടുപോയി . “
എന്നു കാതോട് കാതോരം പരിഹാസമുണ്ടാകും .

അതോടെ വീട്ടിൽനിന്നു പുറത്തേക്കിറങ്ങാൻ പേടിയാകും
ക്രമേണ വീട്‌ ഒരു തടവറയാകും .
സിറ്റൗട്ടു കൊണ്ടൊതുങ്ങും പുറം ലോകം .

ആ ചാരുകസേരജീവിതം ഇതുവരെ കൊണ്ടുനടന്ന സ്വാതന്ത്ര്യത്തിന്റെയും വ്യക്തിത്വത്തിന്റെയും വിലകെടുത്തും എന്നതാണ് അടുത്തപടി .

വഴിയേപോകുന്ന മീൻ വിൽപ്പനക്കാരനെ വാതുക്കൽ നിത്യവും പിടിച്ചു നിർത്തേണ്ട പണിമുതൽ മുതല്‍
വീട്ടുകാർ ഒന്നടങ്കം പുറത്തേക്കുപോകുമ്പോൾ മഴവന്നാൽ
അയയിൽ കഴുകിയിട്ടിരിക്കുന്ന തുണികള്‍ നനയാതെ എടുത്തിടേണ്ട ചുമതല വരെ അയാളെ കയ്യേൽപ്പിക്കും .

പുറത്തുപോയ വീട്ടുകാർ വരുന്നതിനിടയിൽ ആരെങ്കിലും കല്യാണം വിളിക്കാനോ പാലുകാച്ചലിന് വിളിക്കാനോ വന്നാൽ ഊരും പേരും റൂട്ടും ചോദിച്ചുവയ്ക്കണം .
ആരു വന്നു പോകുമ്പോഴും ഗെയിറ്റ് അടക്കാൻ മറക്കരുത് .
അല്ലെങ്കിൽ പട്ടി കയറി ടൈൽ വിരിച്ച മുറ്റത്തു കാഷ്ഠിച്ചാലോ …?

അയാൾ ക്രമേണ വേദനയോടെ ഒരു സത്യം തിരിച്ചറിയുകയായി :
താൻ പണിത തന്റെ വീടിന്റെ കാവൽക്കാരനായി താൻ മാറിയിരിക്കുന്നു .

ജിവിതം ഇതുപോലുള്ള സന്ധികളിൽ എത്തിച്ചേരുമ്പോൾ വൈകാരികതകൊണ്ടല്ല അതിനെ നേരിടേണ്ടത് .
പകരം ഇതെല്ലാം എങ്ങനെ സംഭവിച്ചു എന്ന ആലോചനയാണ് വേണ്ടത് .
ഇനി ആർക്കും ഇങ്ങനെ സംഭവിക്കാതിരിക്കണമെങ്കിൽ ഒന്നേ ചെയ്യേണ്ടു .

ഗൾഫ് ജിവിതം അവസാനിപ്പിച്ചു തിരിച്ചെത്തുമ്പോൾ സ്വന്തം എന്നു പറയാവുന്നൊരു സമ്പാദ്യം നിശ്ചയമായും ഉണ്ടായിരിക്കണം .
അല്ലെങ്കിൽ മാസാമാസം വരുമാനം കിട്ടുന്ന ഒരു ഇൻവെസ്റ്റ്മെന്റ് നടത്തിയിട്ടുണ്ടാവണം .

ഏതൊരു റിട്ടയർമെന്റ് ലൈഫിലും അതിന്റെ സന്തോഷവും സമാധാനവും അനുഭവിക്കണമെങ്കിൽ ഏതെങ്കിലും വിധത്തിലുള്ള സാമ്പത്തിക പിന്തുണ കൂടിയേ തീരൂ .
അതു തരുന്നൊരു സുരക്ഷിതത്വവും സ്വാതന്ത്ര്യവും മറ്റൊന്നിനും തരാനാവില്ല .

വീട്ടില്‍ ചടഞ്ഞിരിക്കാതെ പുറത്തുപോകാം . യാത്ര ചെയ്യാം .
ഇടക്കിടെ രണ്ടോ മൂന്നോ ദിവസം മാറിനിൽക്കാം .
തിരികെയെത്തുമ്പോൾ വീട്ടുകാർക്ക് എന്തെങ്കിലുമൊക്കെ വാങ്ങിക്കൊണ്ടുവരാം .

പെട്ടികൾ നിറയേ സാധനങ്ങൾ കൊണ്ടുവന്ന് കൊടുത്തിരുന്ന ആ സമയത്ത് കിട്ടിയിരുന്ന സ്നേഹത്തിന്റെയും ബഹുമാനത്തിന്റെയും ചെറിയ പതിപ്പുകൾ
ഇവിടെ തെളിഞ്ഞു നിൽക്കുന്നത് കാണാം .

ഗൾഫ് നാടുകളിൽ ജീവിക്കുന്ന ചെറുപ്പക്കാര്‍ ഈ പാഠങ്ങളൊക്കെയും ഉൾക്കൊള്ളണം .
ഓരോ അവധിക്കു നാട്ടിൽ പോയിവരുമ്പോഴും നിങ്ങൾക്ക് പ്രായമാവുകയാണ് .
ആയുർ ദൈർഘ്യം വർധിച്ചതോടെ
യൗവ്വനത്തെക്കാൾ വാർദ്ധക്യത്തിനാണ് ഇപ്പോൾ നീളം .

ദീർഘമായ വാർധക്യ കാലം മുന്നിൽ കണ്ട് ഇപ്പോഴേ കുറേശ്ശെ പണം നീക്കിവച്ചു തുടങ്ങുക .
അത് മറ്റാരും അറിയാതിരുന്നാൽ ഏറെ നല്ലത് .
അങ്ങനെയെങ്കിൽ പ്രായമായി തിരിച്ചുവരുന്ന കാലത്തു സിറ്റൗട്ടിൽ വന്നിരുന്ന് സ്വന്തം വീടിന്റെ കാവൽ കാരനായി നിങ്ങൾക്ക് മാറാതിരിക്കാം .
ശിഷ്ടജീവിതം സന്തോഷകരമാക്കാം.

എൻ.എം. നവാസ്

Leave a Reply

Your email address will not be published. Required fields are marked *